ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അവസാനഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 41 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനിന്നു. കണ്ണൂരില്‍, കെ.സുധാകരനും, കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കില്ല. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിക്കും സീറ്റില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും എല്‍ദോസിന് നിരാശയാണ് ഫലം. എല്‍ദോസ് സ്വതന്ത്രനായി മത്സരിക്കുമോ എന്നാണ് അറിയേണ്ടത്.

കണ്ണൂരില്‍ മത്സരിക്കണമെന്ന കെ.സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുനാനിക്കുകയായിരുന്നു. സുധാകരനുമായിചര്‍ച്ച വേണ്ടെന്ന് രാഹുല്‍ ഗാന്ധിയും ഉറച്ച നിലപാട് സ്വീകരിച്ചു. കെ.സുധാകരന്‍ അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണും. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്നാണ് അറിയേണ്ടത്.

കെ സുധാകരനെ തഴഞ്ഞ് മുന്‍ മേയര്‍ ടി.ഒ. മോഹനനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തോട് 'ഗുഡ് ബൈ' പറഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന കടുത്ത നിലപാടിലേക്ക് സുധാകരന്‍ നീങ്ങിയതോടെ ഹൈക്കമാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു,

നാടകീയ നീക്കങ്ങള്‍ ഇങ്ങനെ:

കണ്ണൂര്‍ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരന്‍ കെ.സി. വേണുഗോപാലിനെ നേരിട്ട് അറിയിച്ചു. രാവിലെ പൊട്ടിത്തെറിച്ച സുധാകരനെ ശാന്തനാക്കാന്‍ എ.കെ. ആന്റണിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. സുധാകരന് വഴങ്ങുകയാണെങ്കില്‍ തനിക്കും സീറ്റ് വേണമെന്ന ആവശ്യവുമായി അടൂര്‍ പ്രകാശും രംഗത്തെത്തിയിരുന്നു. കോന്നിയില്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചാണ് അടൂര്‍ പ്രകാശ് തന്റെ പ്രതിഷേധം അറിയിച്ചത്.

അഞ്ചിലേറെ സീറ്റുകളില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക അനിശ്ചിതത്വത്തിലായത്. പത്രിക നല്‍കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തര്‍ക്കം തുടര്‍ന്നത്.

ഇന്ന് വൈകിട്ട് മടങ്ങേണ്ടിയിരുന്ന കെ.സുധാകരന്‍ യാത്ര നാളത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍, പട്ടികയില്‍ പേരില്ലെന്ന് വ്യക്തമായതോടെ രാത്രി തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും.