- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്; പേടി മൂലമാണ് ആളുകള്‍ പുറത്തിറങ്ങാത്തത്; ഹര്‍ത്താല്‍ മാത്രമാണോ സമര മാര്‍ഗം?'; വയനാട് ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
'ജനവിരുദ്ധം, ഹര്‍ത്താല്‍ നടത്തിയിട്ട് എന്തു കിട്ടി?': വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
വയനാട് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമര്‍ശിച്ചത്. ഹര്‍ത്താല്‍ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു. ഇനിയും ഹര്‍ത്താല്‍ നടത്തരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 19ന് വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. എന്നാല്‍, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അറിയില്ല. ഭരണകക്ഷി ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്? മിന്നല്‍ ഹര്‍ത്താല്‍ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇത് കോടതിയുടെ പരിഗണനയിലും മേല്‍നോട്ടത്തിലുമുള്ള വിഷയമാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. ''ജനവിരുദ്ധമാണ് ഹര്‍ത്താല്‍. ഇതിനെതിരെ നേരത്തെ തന്നെ കോടതി വിധിയുണ്ട്. ഹര്‍ത്താല്‍ നടത്തില്ല എന്നോ മറ്റോ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് അധികാരത്തിലുള്ളവരാണ്. എന്നിട്ടും ഹര്‍ത്താല്‍ നടന്നു. കഷ്ടമാണ് കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഇനിയും അനുവദിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് മോശം അവസ്ഥയുണ്ടാക്കുക എന്നല്ലാതെ ഹര്‍ത്താല്‍ നടത്തിയിട്ട് എന്താണ് കിട്ടിയത്''കോടതി ചോദിച്ചു.
കേന്ദ്രം സഹായം നല്‍കിയില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ സഹായം ലഭിക്കുമോ എന്നും കോടതി ചോദിച്ചു. ''ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അപ്രതീക്ഷിതമായ ഇത്തരം ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പേടി മൂലമാണ് ആളുകള്‍ പുറത്തിറങ്ങാത്തത്. മനുഷ്യരുടെ ഭയത്തെ മുതലെടുക്കുകയാണ്. ഇത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്'' കോടതി പറഞ്ഞു.
വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലാണ് ഇതര നാടുകളില്‍ നാം കേരളത്തെ കാണിക്കുന്നതെന്നും അവിടെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിന്? ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി പറഞ്ഞു.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കേന്ദ്ര നിലപാടിനെതിരെയാണ് നവംബര്‍ 19ന് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫിന്റെ ഹര്‍ത്താല്‍. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു എല്‍ഡിഎഫ് ഹര്‍ത്താല്‍.