കൊച്ചി: നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെകടുത്ത പ്രതിഷേധം. ഒരു പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമാകുന്നത്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമര്‍ശനം. അശ്ലീലച്ചുവയുള്ള ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്നു കറക്കി. 'നേര നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്,' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.

കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകാരമാണെന്നും വിമര്‍ശനം ഉയരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന അണിയറയില്‍ തയ്യാറെടുക്കുകയാണ്.