- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈകിട്ട് 'അസ്മാക്' തുറന്നാൽ പിന്നെ കാണുന്നത് അസാധാരണ തിരക്ക്; കടൽ മീനിന്റെ രുചി അറിയാൻ ബസും കാറും പിടിച്ച് വരുന്നവർ ഏറെ; പക്ഷെ കഴിഞ്ഞ ദിവസം 'സീ ഫുഡ്' കഴിക്കാനെത്തിയ ആ കുടുംബത്തെ കാത്തിരുന്നത് വലിയ ദുരന്തം; ഇതോടെ വിഴിഞ്ഞത്തെ 'വൈബ്' ഹോട്ടൽ സംശയ നിഴലിൽ; ആശുപത്രി ഡോക്ടർമാർ പറയുന്നത് മറ്റൊന്ന്; വില്ലനായത് 'കണവാ' തോരനോ?

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ആറംഗ കുടുംബത്തിലെ രണ്ടുപേർ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മ റഷീദാ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, പ്രാഥമികമായി അലർജിയാണ് മരണകാരണമെന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞത്തെ 'അസ്മാക്' എന്ന ഹോട്ടലിൽ നിന്ന് സീഫുഡ് കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ബന്ധു നവാസ് പറഞ്ഞു. ഭക്ഷണം കഴിച്ച് നിലമേലിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. നിലമേലിലെ ആശുപത്രിയിൽ വെച്ചാണ് റഷീദാ ബീവിയുടെ മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ സജീനയുടെ ആരോഗ്യനില അതീവ ജാഗ്രതയിലാണ്. കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുട്ടികളടക്കം മൂന്നുപേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.
സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തുകയും, ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ഭക്ഷണസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റാർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.


