തിരുവനന്തപുരം: ഹൗസിംഗ് ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരം പേരൂര്‍ക്കട ഊന്നംപാറയിലുള്ള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പച്ചക്കറി അഴിമതി കഥ കേട്ട് ഞെട്ടി ബോര്‍ഡിലെ ഉന്നതര്‍. ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനടക്കം കിട്ടിയ പരാതിയില്‍ ചെറുതെങ്കിലും ഗുരുതര അഴിമതി ആരോപങ്ങളാണുള്ളത്. സിപിഎം എംഎല്‍എയായ പ്രശാന്ത് ഇടപെട്ടിട്ട് പോലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ 'അഴിമതി മാഫിയ' കടുംവെട്ട് തുടരുകയാണ്.

ഇതില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടിവി ബാലന്‍ അടക്കം അതൃപ്തിയിലുമാണ്. അഴിമതി കൈയ്യോടെ പിടിച്ചെങ്കിലും ഹോസ്റ്റലിന്റെ ചുമതലയുള്ള ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. ഇതിനിടെയാണ് വിഷയം ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്റെ ശ്രദ്ധയില്‍ പരാതിയായി എത്തിയത്. അതിവേഗ പരിഹാരത്തിന് ഉടന്‍ ചെയര്‍മാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നാണ് സൂചന.

പച്ചക്കറിയില്‍ തുടങ്ങുന്നതാണ് അഴിമതി. ഇവിടെ താമസിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഈ അഴിമതി പിടികിട്ടി. താമസക്കാരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ചാണ് മെസിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഈ തുകയ്ക്ക് വാങ്ങുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും മറ്റു വഴികളിലേക്ക് പോകുന്നു. ദിവസവും 45ഓളം പേര്‍ക്ക് ഇവിടെ ഭക്ഷണമൊരുക്കുന്നു. തേങ്ങ അടക്കം വാങ്ങുന്നുവെന്നാണ് കണക്ക്. എന്നാല്‍ തേങ്ങ ഉപയോഗിച്ചുള്ള കറികള്‍ കുറവും. ഇതോടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പച്ചക്കറിയിലെ സാധന ചോര്‍ച്ച അന്വേഷിച്ചിറങ്ങിയത്.

ഹോസ്റ്റലിന് തൊട്ടടുത്ത് പച്ചക്കറി കടയുണ്ട്. എന്നാല്‍ അവിടെ നിന്നും സാധനം വാങ്ങില്ല. പകരം ഓട്ടോയില്‍ പേരൂര്‍ക്കടയിലേ മറ്റേതോ കടയില്‍ നിന്നാണ് സാധനം വാങ്ങുന്നത്. ജീവനക്കാരുടെ അന്വേഷണത്തില്‍ ഓട്ടോ പിടിച്ചല്ല പച്ചക്കറി വാങ്ങാനുള്ള യാത്രയെന്നും ഒരാളുടെ ബൈക്കിലാണ് പച്ചക്കറി കൊണ്ടു പോകുന്നതെന്നും തെളിഞ്ഞു. ഈ ബൈക്ക് പച്ചക്കറി വാങ്ങിയ ശേഷം മറ്റ് ചില വഴികളിലൂടെയാണ് ഹോസ്റ്റലില്‍ എത്തുന്നത്. ഇതിനിടെ വാങ്ങിയ പച്ചക്കറിയില്‍ നല്ലൊരു ഭാഗം നഷ്ടമാകുന്നു. എന്നാല്‍ വഴിയില്‍ പോയ പച്ചക്കറിക്ക് അടക്കം ഹോസ്റ്റലില്‍ കണക്കും വരുന്നു. ഇത് മനസ്സിലാക്കിയതോടെ ഹോസ്റ്റലിന്റെ അടുത്തുള്ള പച്ചക്കറി കടയില്‍ നിന്നു തന്നെ എല്ലാം വാങ്ങണമെന്ന ആവശ്യം മെസ് കമ്മറ്റി മുമ്പോട്ടു വച്ചു. എന്നാല്‍ തൊട്ടടുത്തുള്ള കടയില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ ഹോസ്റ്റല്‍ നിയന്ത്രിക്കുന്നവര്‍ തയ്യാറല്ല. താല്‍കാലിക ജീവനക്കാര്‍ക്ക് ഉദ്യോഗസ്ഥരും ഇതില്‍ പിന്തുണ നല്‍കുന്നു. ഇതാണ് സംശയം കൂട്ടുന്നത്.

ഇതിനൊപ്പമാണ് ഹോസ്റ്റലിലെ പ്രധാനിക്കെതിരെ മറ്റ് ചില പരാതികളും എത്തുന്നത്. എംഎല്‍എ പ്രശാന്ത് വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തു. പക്ഷേ സിപിഎം എംഎല്‍എയായിട്ട് പോലും ഈ ഇടപെടല്‍ ഫലം കണ്ടില്ല. ദീര്‍ഘകാലമായി ഹോസ്റ്റലിന്റെ താക്കോല്‍ സ്ഥാനത്തുള്ളത് താല്‍കാലികമായി ജോലി കിട്ടിയ വ്യക്തിയാണ്. വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ ഈ പദവിയില്‍ നിയമനം നടത്തണമെന്നതാണ് താമസക്കാരുടെ പ്രധാന ആവശ്യം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. എന്നിട്ടും ഫലമില്ലെന്നതാണ് അവസ്ഥ.

രാത്രി 9 മണിക്ക് ശേഷം ഒരു തലവേദന വന്നാല്‍ ഒരു കട്ടന്‍ ചായ കുടിക്കാന്‍ പോലും കയറാന്‍ സമ്മതിക്കാതെ അടുക്കള പൂട്ടും. ഞങ്ങടെ ഗ്യാസ്, ഞങ്ങടെ കറണ്ട്, ഞങ്ങടെ വെള്ളം, ഞങ്ങടെ പല ഭക്ഷണസാധനങ്ങള്‍, പച്ചകറികള്‍, എല്ലാം ഞങ്ങടെ കാശ്. രാത്രി അടുകളയില്‍ കേറാന്‍ പറ്റില്ല. മുകളില്‍ ടെറസ് വാതില്‍ പൂട്ടും. അടുക്കള ചങ്ങലയിട്ട് പൂട്ടും. ഒരു അടിയന്തര ആവശ്യം വന്നാല്‍ ഞങ്ങള്‍ പത്ത് 40 പേര്‍ അതിനകത്ത് കിടന്ന് ചാകും. ആരോട് പറയാന്‍?-മുന്നിലുള്ള പ്രതിസന്ധിയെ കുറിച്ച് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ താമസക്കാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

ഹോസ്റ്റലിലെ സാമ്പത്തിക തട്ടിപ്പും അഴിമതിയും കണ്ടുപിടിക്കുന്നവരെയും പ്രതികരിക്കുന്നവരെയും പലതരത്തിലും ഹോസ്റ്റല്‍ സ്റ്റാഫുകള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. നാലു വര്‍ഷമായി നടക്കുന്ന അഴിമതികള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അഴിമതിക്കും മോഷണത്തിനും ചുക്കാന്‍ പിടിച്ചവരെ ഇപ്പോഴും തല്‍സ്ഥാനത്തു നിലനിറുത്തുകയാണ് അവര്‍. പിന്‍വാതില്‍ നിയമനം നേടിയവരാണ് ഇതിന് പിന്നില്‍. ഈ ഹോസ്റ്റല്‍ ഒരു നാഥനില്ലാ കളരിയാണെന്ന് മനസ്സിലാക്കിയവരാണ് താമസക്കാര്‍ക്ക് മേല്‍ ഇവര്‍ കുതിര കയറുന്നതെന്നാണ് ആക്ഷേപം. ഇതിന് ഹോസ്റ്റല്‍ ചാര്‍ജുള്ള എല്ലാ ഉദ്യോഗസ്ഥരുടേയും പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് താമസക്കാര്‍ ആരോപിക്കുന്നു.

ഹൗസിംഗ് ബോര്‍ഡിന്റെ മറ്റു ജില്ലകളിലെ ഹോസ്റ്റലുകളില്‍ മെസ് കമ്മിറ്റിയാണ് മെസ് നടത്തുന്നത്. പേരൂര്‍ക്കടയിലുള്ള ഈ ഹോസ്റ്റലില്‍ മാത്രമാണ് മെസ് നടത്തിപ്പില്‍ അനാവശ്യ ഇടപെടല്‍ എന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇപ്പോഴും ഈ ഹോസ്റ്റലില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കമ്പളിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം. മെസ്, മെസ് കമ്മിറ്റി സുതാര്യമായി നടത്തയാല്‍ സാമ്പത്തിക തട്ടിപ്പും അഴിമതിയും പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന് പലവിധ 'ലാഭം'കിട്ടി കൊണ്ടിരിക്കുന്ന ഹോസ്റ്റലിലെ സംഘം തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി.

നിലവില്‍ ഹോസ്റ്റലിലുള്ള താല്കാലിക ജീവനക്കാരെ മാറ്റുകയും പത്രപരസ്യം നല്‍കി അഭിമുഖത്തിലൂടെ നിയമപരമായി തന്നെ താല്കാലികാടിസ്ഥാനത്തില്‍ പുതിയ ആളുകളെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ എത്തുന്ന വനിതകളായ സര്‍ക്കാര്‍ ജീവനക്കാരെ സഹായിക്കാനാണ് ഇത്തരമൊരു ഹോസ്റ്റല്‍ തുടങ്ങിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ചന്ദ്രശേഖര്‍ കൊണ്ടു വന്നതായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കുന്ന അവസ്ഥയിലേക്ക് ഈ ഹോസ്റ്റലിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം മാറുകയാണെന്നാണ് പരാതി.