- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്; അതിഥി തൊഴിലാളികള്‍ ജനവിധി നിര്‍ണയിക്കുന്ന കാലം വരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ?
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിശോധന കേരളത്തിന് പലവിധത്തിലും ആശങ്കകള്‍ക്ക് ഇടയാക്കുന്നു. കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളുകളുടെ ഒഴുക്ക് വോട്ടുബാങ്കുകളെ സ്വാധീനിക്കുന്ന വിധത്തിലേക്ക് മാറിയാല്‍ അത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തകിടം മറിച്ചേക്കും. ബിഹാറിലെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുന്നവര്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകും തിരിച്ചടിയാകുക.
ബിഹാര്‍ മാതൃകയില്‍ രാജ്യമൊട്ടുക്കും എസ്.ഐ.ആര്‍ നടപ്പാക്കുമെന്ന് കമീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിഹാറിന് പുറമെ ബംഗാള്‍, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും ഭാവിയില്‍ കേരളത്തിലെ വോട്ടര്‍മാരായി മാറുന്ന സ്ഥിതിവിശേഷം വന്നേക്കും. ഇതോടെ തൊഴിലെടുക്കാന്‍ വന്ന അതിഥി തൊഴിലാളികളുടെ വോട്ട് കേരളത്തിന്റെ ജനവിധിയില്‍ നിര്‍ണായകമാകും. ഹിന്ദി മേഖലയില്‍ നിന്നുള്ള വോട്ടര്‍മാരുടെ ഗുണഭോക്താക്കള്‍ ആരാകുമെന്ന ചോദ്യങ്ങളും ഉയരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് അടക്ക് അത് ഭാവിയില്‍ നേട്ടമായി മാറിയേക്കും.
ബിഹാറില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധനയുടെ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട കരട് വോട്ടര്‍പട്ടികയില്‍നിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോയ നിരവധി വോട്ടര്‍മാരെയാണ് വെട്ടിമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വോട്ടര്‍പട്ടിക പരിശോധനക്കുള്ള അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കാത്തവരെ ''സ്ഥിരമായി മാറി താമസിച്ചവര്‍/കാണാന്‍ കഴിയാത്തവര്‍'' എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 19ാം വകുപ്പ് പ്രകാരം ഒരാളെ ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെങ്കില്‍ ആ മണ്ഡലത്തിലെ 'സാധാരണ താമസക്കാരന്‍' ആയിരിക്കണം എന്ന നിബന്ധനയില്‍ പിടിച്ചാണ് തൊഴില്‍ തേടിപ്പോയവരെ നീക്കം ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 20ാം വകുപ്പ് 'സാധാരണ താമസക്കാരന്‍' എന്നതിന് നല്‍കിയ വിവക്ഷയാണ് കമീഷന്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ വീടുള്ളതുകൊണ്ട് മാത്രം അവിടത്തെ 'സാധാരണ താമസക്കാരന്‍' എന്നര്‍ഥമില്ല എന്നും അതേസമയം താല്‍ക്കാലികമായി സ്വന്തം നാട്ടില്‍ ഇല്ലാതെ പോയവരെ 'സാധാരണ താമസക്കാരന്‍' ആയി കണക്കാക്കുമെന്നും 20ാം വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം ഈ വ്യാഖ്യാനത്തിലൂടെ ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍നിന്നും അന്തിമ വോട്ടര്‍പട്ടികയില്‍നിന്നും തൊഴിലിനായി കേരളത്തിലേക്ക് വന്നവരെയും നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന് ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാന്‍ പോയവര്‍ക്ക് ബിഹാറില്‍ അല്ല അവര്‍ പോയ സംസ്ഥാനങ്ങളിലായിരിക്കും വോട്ട് എന്ന ഉത്തരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയത്. ബിഹാറിനുശേഷം എസ്.ഐ.ആര്‍ നടത്തുന്ന ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കമീഷന്‍ അറിയിച്ചു.
കേരളത്തില്‍ എസ്.ഐ.ആര്‍ നടത്തുമ്പോള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാന്‍ പോയവരെ വോട്ടര്‍പട്ടികയില്‍ നിന്നുമൊഴിവാക്കും. അവരും തങ്ങള്‍ തൊഴിലിന്റെ ഭാഗമായി താമസിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്നുമാണ് കമീഷന്‍ പറയുന്നത്. കേരളത്തില്‍ തൊഴിലെടുക്കാന്‍ ബിഹാറില്‍നിന്നും ബംഗാളില്‍നിന്നും വരുന്നവര്‍ കേരളത്തിലെ വോട്ടര്‍പട്ടികയിലാണ് തങ്ങളുടെ പേര്‍ ചേര്‍ക്കേണ്ടതെന്നും ഭരണഘടനാപരമായ വോട്ടവകാശം അവര്‍ താമസിക്കുന്ന സംസ്ഥാനത്താണെന്നും വിനിയോഗിക്കേണ്ടതെന്നും കമീഷന്‍ വ്യക്തമാക്കി.
അതേസമയം ബിഹാര്‍ കരട് വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കിയ 65 ലക്ഷത്തോളം ആളുകളുടെ പേരുകള്‍ പുറത്തുവിടാനോ നീക്കം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാനോ നിയമപരമായ ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച ബിഹാര്‍ കരട് വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായവരുടെ പ്രത്യേക ലിസ്റ്റ് പുറത്തു വിടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നല്‍കിയ ഹരജിയില്‍ മറുപടി സത്യവാങ്മൂലത്തിലാണ് കമീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കരട് വോട്ടര്‍പട്ടികയില്‍ പേരില്ല എന്നതിന് അര്‍ഥം വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നല്ല. നിലവില്‍ ലഭിച്ച എണ്ണല്‍ ഫോറങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കരട് പട്ടിക തയാറാക്കിയത്. അതില്‍ ചില മാനുഷിക കാരണങ്ങള്‍ നിമിത്തം ഒഴിവാക്കാലോ ഉള്‍പ്പെടുത്താലോ സംഭവിച്ചേക്കാം. കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ക്ക് ഉള്‍പ്പെടുത്തുന്നതിനായി അവസരം നല്‍കും. എണ്ണല്‍ ഫോറങ്ങള്‍ ലഭിക്കാത്ത വോട്ടര്‍മാരുടെ ബൂത്ത് ലെവല്‍ പട്ടിക കമീഷന്‍ അതത് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് പങ്കിട്ടു.
ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും കമീഷന്‍ വിശദീകരിക്കുന്നു. ഹരജിയില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമീഷനോട് ആവശ്യപ്പെട്ടത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സ്വന്തം നാട്ടിലേക്ക് ഇടവേളകളില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികള്‍ ഇതുവരെ വോട്ടുചെയ്തിരുന്നതും സ്വന്തം സംസ്ഥാനങ്ങളിലായിരുന്നു. അതിന് കമീഷന്‍ അറുതിവരുത്തുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെയാണ്. സ്വന്തം നാട്ടില്‍ തൊഴിലില്ലാതെ ഇതര സംസ്ഥാനങ്ങളിലേക്ക് ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ തൊഴിലിനായി പോകുന്നവര്‍ ഭൂരിഭാഗവും കുടുംബമില്ലാതെയാണ് പോകുന്നത്. പോകുന്ന സംസ്ഥാനങ്ങളില്‍ ഒരു പ്രദേശത്ത് ഉറച്ചുനില്‍ക്കുന്നവരല്ല ഈ തൊഴിലാളികള്‍.
കര്‍ണാടകയിലെ ഒരു നിയോജക മണ്ഡലത്തില്‍ മാത്രം ലക്ഷത്തിലേറെ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതിന്റെ തെളിവുകള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടതിലും കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷത്തിലേറെ വോട്ടുകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിലും ഇതര സംസ്ഥാന വോട്ടര്‍മാരാണെന്ന് കണ്ടെത്തിയിരുന്നു.