- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബര്‍ ഏഴ് മാതൃകയില്‍ ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടു; മണത്തറിഞ്ഞു ഇസ്രായേലിന്റെ ആക്രമണം; ഒറ്റയടിക്ക് ജീവന് പോയത് ഓപ്പറേഷന്‍ മേധാവിയും അടക്കം 11 ഹിസ്ബുള്ള ഉന്നതര്‍; ഇരുട്ടില്‍ തപ്പി ഹിസ്ബുള്ള
ഹമാസിന്റെ ഒക്ടോബര്‍ ഏഴ് മാതൃകയില്‍ ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടു
ബെയ്‌റൂട്ട്: കഴിഞ്ഞ ദിവസം ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാക്കള്‍ ഹമാസ് നടത്തിയ ഒക്ടോബര്‍ ഏഴിന്റെ മാതൃകയില്‍ വീണ്ടും ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രസിഡന്റ് ഇസ്ഹാക്് ഹെര്‍സോഗ്. ഭീകര സംഘടനയുടെ കമാന്‍ഡര്‍ പദവിയിലുള്ള നേതാക്കളാണ് ബെയ്റൂട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ആയിരത്തിലധികം പേരെ വധിക്കുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന്റെ മാതൃകയില്‍ ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നത്.
ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇവരുടെ രഹസ്യ സങ്കേതം ഇസ്രയേല്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ
റദ്വാന്‍ ഫോഴ്സിനെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഒത്തുകൂടിയിരുന്ന കെട്ടിടം ഇസ്രേയല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. റദ്വാന്‍ ഫോഴ്സിന്റെ തലവനും ഹിസ്ബുള്ളയുടെ ഓപ്പറേഷന്‍ വിഭാഗം മേധാവിയും ആയിരുന്ന ഇബ്രാഹിം അഖീലും മറ്റ് പതിനൊന്ന് ഹിസ്ബുള്ള ഉന്നതരുമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഹമാസ് ഇസ്രയേല്‍ ആക്രമിക്കുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരത്തില്‍ ഒരാക്രമണം ഇസ്രയേലില്‍ നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നു എന്നാണ് ഇസ്രയേല്‍ ഭരണകൂടം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതും. ഗലീലി കീഴടക്കി അവിടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും
തട്ടിക്കൊണ്ട് പോകാനുമുളള പദ്ധതി പഴുതടച്ച് ചെയ്യാനായിരുന്നു ഹിസ്ബുള്ള ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഹിസ്ബുള്ള ഇസ്രയേലിലേക്ക് നിരന്തരമായി ആക്രമണം നടത്തുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂട്ടില്‍ നടന്ന സ്ഫോടന പരമ്പരകളെ തുടര്‍ന്ന് ഹിസ്ബുളളയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുകയായിരുന്നു. പ്രധാനപ്പെട്ട കമാന്‍ഡര്‍മാരെ കൂടി വധിച്ചതോടെ ഹിസ്ബുള്ള ഇപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലുണ്ടായ പേജര്‍-വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം നടത്തി. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. 2006-നുശേഷം ലെബനനില്‍ ഇസ്രയേല്‍ നടത്തിയ മാരക ആക്രമണമാണിത്.
ഇതോടെ വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈല്‍ വര്‍ഷം നടത്തി. മൂന്നുഘട്ടങ്ങളിലായി 140 കത്യുഷ റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പിന്നാലെ ലെബനന്റെ തലസ്ഥാനമായ ബയ്റൂത്തിനുസമീപം വ്യോമാക്രമണം നടത്തി ഹിസ്ബുള്ളയുടെ 'റദ്വാന്‍'സേനയുടെ തലവന്‍ ഇബ്രാഹിം അഖിലിനെയും മറ്റ് കമാന്‍ഡര്‍മാരെയും വിധിച്ചത്. ഇതോടെ ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തെത്തി.
ലെബനനില്‍ വാര്‍ത്താവിനിമ സംവിധാനങ്ങളെ കൂട്ടുപിടിച്ച് കൂട്ടക്കൊല നടത്തിയ ഇസ്രയേലിന് തക്കശിക്ഷ നല്‍കുമെന്ന് ഹിസ്ബുള്ള തലവന്‍ നസ്രള്ള പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായത് യുദ്ധകാഹളമാണ്. ആക്രമണങ്ങള്‍ക്ക് പിന്നാലെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനംചെയ്ത ഇസ്രയേലുകാരെ അങ്ങോട്ടേയ്ക്ക് മടക്കിക്കൊണ്ടുവരാമെന്ന് കരുതേണ്ടെന്നും നസ്രള്ള വെല്ലുവിളിച്ചു. പേജര്‍-വാക്കിടോക്കി സ്ഫോടനപരമ്പരകള്‍ക്ക് ഇസ്രയേലിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് ഹിസ്ബുള്ളയുടെ പ്രധാന സംരക്ഷകരായ ഇറാനും മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലേക്ക് സൈനികനടപടി കൂടുതല്‍ ശക്തമാക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചത്.