വിഷുവിന് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിഷുക്കണി. പലര്‍ക്കും വിഷുക്കണി എങ്ങനെ ഒരുക്കണമെന്നും എങ്ങനെ കണി കാണമെന്നും അറിയില്ല. സാധാരണ വിഷുക്കണി ഒരുക്കുന്നതും മറ്റുള്ളവരെ കണിക്കാണിക്കുന്നതും ഒക്കെ ചെയ്യുന്നത് കുടുംബത്തിലെ മുതിര്‍ന്നവരാണ്. ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയിലാണ്. പരമ്പരാഗത രീതിയില്‍ നിന്ന് വിഷുക്കണിയും മറ്റെല്ലാത്തിനെയും പോലെ വളരെ മാറി. ഇന്ന് പല രീതിയിലും ആളുകള്‍ വ്യത്യസ്തമായി കണി ഒരുക്കാറുണ്ടെങ്കിലും എങ്ങനെയാകണം വിഷുക്കണി എന്നത് പഴയ തലമുറയിലെ ആളുകള്‍ക്കാണ് കൂടുതല്‍ അറിയുന്നത്.

വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങള്‍:

കണിക്കൊന്ന

കൃഷ്ണവിഗ്രഹം

നിലവിളക്ക്

ഉരുളി

കോടിമുണ്ട്

വെറ്റില, അടയ്ക്ക

നാണയങ്ങള്‍

നാളികേരം പാതി

പച്ചക്കറികള്‍

മാമ്പഴം, ചക്ക, ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങള്‍

വാല്‍ക്കണ്ണാടി

കണിവെള്ളരി

കണ്‍മഷിയും ചാന്തും

കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീതി നല്‍കുന്നു. പ്രഞ്ചത്തിനെയാണ് ഉരുളി സൂചിപ്പിക്കുന്നത്. കാലപുരുഷന്റെ കിരീടമെന്ന സൂചനയാണ് കണിക്കൊന്ന നല്‍കുന്നത്. നാണയങ്ങളും വിഷുക്കൈനീട്ടവും ധനലക്ഷ്മിയെ സൂചിപ്പിക്കുന്നു. ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും സമൃദ്ധമായ കാര്‍ഷിക കാലത്തെ പ്രതിനിധാനം ചെയ്യുന്നു.

വീട്ടിലെ മുതിര്‍ന്നവരാണ് കണി ഒരുക്കുക. തലേദിവസം രാത്രി തന്നെ കണിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അതിരാവിലെ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കും. കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചയാണ് ഇതിലൂടെ കാണുന്നത്. കണികണ്ട് കഴിഞ്ഞ ശേഷം മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്കും മറ്റും നാണയങ്ങളോ നോട്ടുകളോ വിഷുക്കൈനീട്ടമായി നല്‍കും.

വിഷുദിനത്തില്‍ കണി കണ്ടുകഴിഞ്ഞാല്‍ കണ്ടത്തില്‍ കൈവിത്തിടല്‍ പ്രധാന ചടങ്ങാണ്. ചുരുക്കിപറഞ്ഞാല്‍ കാര്‍ഷിക സമൃദ്ധിയുടെ മനോഹരമായ കാഴ്ചയാണ് കണികാണലിലൂടെ പൂര്‍ത്തിയാകുന്നത്. ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ കണികാണാനായി വലിയ ഭക്തജനത്തിരക്ക് വിഷുദിനത്തില്‍ അനുഭവപ്പെടാറുണ്ട്.