- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന്‍ ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന് നിരീശ്വര വാദിയായതിന് പിന്നിലെ കഥ
വി എസ് അച്യുതാനന്ദന് നിരീശ്വര വാദിയായതിന് പിന്നിലെ കഥ
തിരുവനന്തപുരം:പാര്‍ട്ടിയും രാഷ്ട്രീയവും എന്തെന്നറിയാത്ത കൊച്ചുകുട്ടികള്‍ക്ക് പോലും വിഎസ് എന്ന രണ്ടക്ഷരം ആവേശമായിരുന്നു.വിഎസ് അച്യുതാനന്ദന്‍ എന്ന മലയാളക്കരയുടെ വിപ്ലവസൂര്യന് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.ചുവപ്പിന്റെ കരുത്തും സമരത്തിന്റെ യൗവനുമായി നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ടിനാണ് ഇതോടെ വിരാമമാകുന്നത്.തലമുറകളെ സ്വാധീനിച്ച ആ ജീവിതത്തിന്റെ ഒരോ ഏടും പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്.അതിലേറ്റവും രസകരവും എന്നാല്‍ ഹൃദയത്തെ നോവിപ്പിക്കുന്നതുമായ ഒരേടാണ് വി എസ് നീരീശ്വരവാദിയായ സംഭവം.
16 വയസ് വരെ കടുത്ത ദൈവവിശ്വാസിയായിരുന്ന വിഎസ് പിന്നീട് നിനിരീശ്വരവാദിയാവുകയായിരുന്നു.ഇതിന് പിന്നില്‍ ഒരു കഥയുണ്ട്.
അച്യുതാനന്ദന് നാല് വയസുള്ളപ്പോഴാണ് അമ്മയ്ക്ക് വസൂരി വന്നത്. അത്യാസന്നനിലയില്‍ അകലെയുള്ള ഓലക്കൂരയില്‍ കിടക്കുകയാണ് അമ്മ. അവര്‍ക്ക് അവസാനമായി മക്കളെ കാണണം.മക്കളെ അവിടെയെത്തിച്ചു.ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും മക്കള്‍ കരഞ്ഞു.അമ്മ തങ്ങളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരന്‍ കണ്ടു... അങ്ങോട്ടു കുതിക്കാന്‍ ശ്രമിച്ചു.
മറ്റുള്ളവര്‍ പിടിച്ചുനിറുത്തി.കരഞ്ഞു തളര്‍ന്ന് തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ആ കുട്ടി നടന്നു.മക്കള്‍ മറഞ്ഞതും ആ അമ്മയുടെ മിഴികള്‍ എന്നന്നേക്കുമായി അടഞ്ഞു.പിന്നെ അച്ഛന്‍ ശങ്കരന്‍ തന്നെയായിരുന്നു അമ്മയും. വി.എസിന് പതിനാറ് വയസുള്ളപ്പോള്‍ അച്ഛനും കടുത്തരോഗം വന്നു മരിച്ചു.അന്നത്തോടെ വി.എസ് നിരീശ്വരവാദിയായി.
ഈ സംഭവത്തെക്കുറിച്ച് വി എസ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ..
'അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്...അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു.അന്നൊക്കെ വസൂരി വന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും.ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി.പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേള്‍ക്കുമായിരുന്നു.ദുരിതത്തിനവസാനം മരിച്ചാല്‍ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും.എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി.ഞാനന്ന് നന്നേ ചെറുപ്പം.
അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോള്‍,അഛന്‍ പാടത്തെ വരമ്പത്ത് കൊണ്ടു പോകും.ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും.നോക്കിയാല്‍ പുര മാത്രം കാണാം.അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും.കുറെ കഴിഞ്ഞാല്‍ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും.അമ്മയുടെ അസുഖം മാറുവാന്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല.പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു.
അഛന്‍ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം.അഛന്‍ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു.
അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി.പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവന്‍ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും.പക്ഷെ,കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി.അന്നൊന്നും വിളി കേള്‍ക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി.അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു.പിന്നെ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല,ഒരു ദൈവത്തിനെയും വിളിച്ചതുമില്ല.വലുതായപ്പോള്‍ ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് പ്രാര്‍ത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.