ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിക്കുന്ന ആസ്തിയും യഥാര്‍ഥ സ്വത്ത് വിവരവും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്നതാണ് വസ്തുത. ചുരുക്കം ചിലര്‍ മാത്രമേ യഥാര്‍ഥ ആസ്തി വെളിപ്പെടുത്താറുണ്ട്. പലപ്പോഴും മറ്റു ചില സംഘടനകളും മറ്റും രാഷ്ട്രീയക്കാരുടെ ആസ്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്. അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു.

സംഘടന പുറത്തുവിട്ട പട്ടികയില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നയത്. രാജ്യത്തെ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആകെ ആസ്തി. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്.

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630 കോടി രൂപയാണ്. ഓരോ മുഖ്യമന്ത്രിക്കും ശരാശരി 52.59 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഖണ്ഡുവിന്റെ ആകെ ആസ്തി 332 കോടി രൂപയാണ്.

മൂന്നാം സ്ഥാനത്തുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി 51 കോടി രൂപയും. ഏറ്റവും കുറവ് ആസ്തിയുള്ളവരില്‍ രണ്ടാം സ്ഥാനത്ത് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്നാം സ്ഥാനത്ത് പിണറായി വിജയനുമാണ്. 2023-24 ലെ ശരാശരി പ്രതിശീര്‍ഷ അറ്റ ദേശീയ വരുമാനം (എന്‍എന്‍ഐ) 1.85 ലക്ഷം രൂപയാണ്. ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയം വരുമാനം 13.64 ലക്ഷം രൂപയും. ദേശീയ ശരാശരിയുടെ ഏകദേശം 7.3 മടങ്ങാണിത്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ഇങ്ങനെ:

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍

എന്‍. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്) -931.83 കോടി.

പേമ ഖണ്ഡു (അരുണാചല്‍ പ്രദേശ്) -332.56 കോടി.

സിദ്ധരാമയ്യ (കര്‍ണാടക) -51.93 കോടി.

നെഫ്യു റിയോ (നാഗലാന്‍ഡ്) -46.95 കോടി.

മോഹന്‍ യാദവ് (മധ്യപ്രദേശ്) -42.04 കോടി.

കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍

മമതാ ബാനര്‍ജി (പശ്ചിമ ബംഗാള്‍) -15.38 ലക്ഷം.

ഒമര്‍ അബ്ദുല്ല (ജമ്മു കശ്മീര്‍) -55.24 ലക്ഷം.

പിണറായി വിജയന്‍ (കേരളം) -1.18 കോടി.

അതിഷി (ഡല്‍ഹി) -1.41 കോടി.

ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്‍) -1.46 കോടി.