ഷിരൂര്‍: 'മനാഫ്, താങ്കളൊക്കെ ഉള്ളതുകൊണ്ടാണ് ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് പിണങ്ങി തെറിച്ചു പോകാതിരിക്കുന്നത്': എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് ഇന്നലെ കുറിച്ചു. ഷിരൂരില്‍, 72 നാള്‍ ഒറ്റക്കാത്തിരിപ്പായിരുന്നു, മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ അര്‍ജുന് വേണ്ടി ഈ ലോറി ഉടമ.

അര്‍ജുനെ തിരയാന്‍ വേണ്ടി ഈ 72 ദിവസം മാറി നിന്നപ്പോള്‍ മനാഫിന് വ്യക്തിപരമായി നല്ല അനുഭവം അല്ല ഉണ്ടായത്. ഈ തക്കം നോക്കി ഒരാള്‍ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വില്‍ക്കുകയും ചെയ്തെന്നും മനാഫ് പറഞ്ഞു. അതൊന്നും മനാഫിനെ തന്റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല.

അര്‍ജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്ന് മനാഫ് ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും ഇനിയുള്ള കാലം അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജുനെ കണ്ടെത്താനായി കൂടെ നിന്നവര്‍ക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു.'അവനെ ജീവനോടെ കിട്ടുമെന്ന് കരുതിയായിരുന്നു കാത്തിരിപ്പ്. മലയാളികളെല്ലാം കൂടെ നിന്നു. തുടക്കം മുതല്‍ എം.കെ.രാഘവന്‍ എം.പിയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഒപ്പം കര്‍ണാടക സര്‍ക്കാരും ഉണ്ടായിരുന്നു. അര്‍ജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടുവര്‍ഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നു.'- മനാഫ് പറഞ്ഞു.

ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്‍ സഞ്ചരിച്ച ലോറി കണ്ടെത്തിയപ്പോള്‍ മനാഫ് പറഞ്ഞ വാക്കുകളും ആരുടെയും ഹൃദയത്തെ തൊടുന്നതായിരുന്നു. 'ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്കാ, എനിക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തു. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. ''

ജൂലായ് 15ന് ബെല്‍ഗാമില്‍ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരുന്ന വഴിയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. 16ന് കാണാതായി. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ആഗസ്റ്റ് 16ന് ഷിരൂരിലെ തിരച്ചില്‍ അവസാനിപ്പിച്ചു.അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഇതോടെയാണ് ഷിരൂരില്‍ ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ നടത്തിയത്.