ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കയാണ്. ഇതിനിടെ, യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്.

വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പര്‍വ്വത പ്രദേശങ്ങളിലും സമതലപ്രദേശങ്ങളിലും നടത്തുന്ന കരയാക്രമണങ്ങളുടെ വിവിധ രീതികള്‍ സേന പ്രദര്‍ശിപ്പിച്ചു. പരിചയസമ്പന്നരായ വ്യോമസേന പരിശീലകരുടെ നേതൃത്വത്തിലാണ് വ്യോമാഭ്യാസം നടത്തുന്നത്. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തിലുള്‍പ്പെട്ടിട്ടുണ്ട്. റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ.

ഇപ്പോള്‍ വ്യോമാഭ്യാസം നടത്തുന്നതിന്റെ കാരണം സേന വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയില്‍ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്ഥാന്‍ പ്രകോപനത്തിനു പിന്നാലെയാണ ഇന്ത്യ യുദ്ധസന്നാഹത്തിന് ഒരുക്കം കൂട്ടുന്നതും. 2019-ല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പാകിസ്താന്‍ അതിര്‍ത്തി കടന്നുചെന്ന് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തിരുന്നു. മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് അന്ന് വ്യോമസേന ആക്രമണം നടത്തിയത്.

അന്നത്തെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാലിന് നിലവില്‍ പാക് വ്യോമസേനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ പാകിസ്താന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍ തടയാനും എസ്-400 പ്രതിരോധ സംവിധാനങ്ങളുമുണ്ട്. 2019-നെ അപേക്ഷിച്ച് ഇന്ത്യയുടെ ആക്രമണശേഷിയും പ്രതിരോധ ശേഷിയും വര്‍ധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമാഭ്യാസം നടക്കുന്നത്.

ഭീകരര്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ന് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്നും എന്തു മാര്‍ഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പിന്നാലെ, സുരക്ഷായോഗം ചേര്‍ന്ന പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ്, യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാര്‍ റദ്ദാക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളുണ്ടായത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ ഇന്ത്യ ആയുധ പരീക്ഷണം നടത്തിയിരുന്നു. മധ്യദൂര ഉപരിതലവ്യോമ മിസൈല്‍ സംവിധാനം (എംആര്‍സാം) ഉപയോഗിച്ച് 'സീ സ്‌കിമിങ്' മിസൈലുകളെ തകര്‍ക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി. തിരിച്ചടിക്ക് സജ്ജമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം പാകിസ്താനില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അങ്ങനെ ചെയ്താല്‍ തങ്ങള്‍ അവരോട് തിരിച്ചു വില ഈടാക്കുമെന്നും ആസിഫ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ആരോപണമുനയില്‍ നില്‍ക്കേ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഭീരരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും ഏപ്രില്‍ 27-നുള്ളില്‍ നാടുവിടണമെന്ന് ഇന്ത്യ നിര്‍ദേശം നല്‍കി. പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലെത്തുന്നതിന് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കി. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളുള്‍പ്പെടെ റദ്ദാക്കുകയും മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണമെന്നും നിര്‍ദേശം നല്‍കി. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യയ്ക്കാരുടെ യാത്രയും ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനമാണ് പാകിസ്താന് കടുത്ത തിരിച്ചടിയായിരിക്കുന്നത്. ഈ നീക്കം പാകിസ്താനില്‍ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുകയാണ്. 1960 സെപ്റ്റംബര്‍ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദീജല കരാര്‍ ഒപ്പുവെയ്ക്കുന്നത്. വിഭജനത്തിന് ശേഷം ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്നും ആര്‍ക്കാണ് കൂടുതല്‍ ജലം ലഭിക്കുന്നതെന്നും ഉള്‍പ്പടെയുള്ള തര്‍ക്കങ്ങളാണ് ഇതിന് കാരണമായത്. മൊത്തം ജലത്തിന്റെ ഭൂരിഭാഗവും പാകിസ്താനാണ് ഉപയോഗിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷി ഈ ജലത്തെ ആശ്രയിച്ചാണ് പൂര്‍ണമായും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുന്നത് പാകിസ്താനെ ഗുരുതരമായി ബാധിക്കും.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സമാധാനക്കരാറായ ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് പാകിസ്താന്‍ പറയുന്നത്. അടിയന്തരമായി വാഗാ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.