വണ്ടന്മേട്: ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ഏലത്തോട്ടം മേഖലയിലേക്ക് തമിഴ്‌നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും നിരോധിത കീടനാശിനികള്‍ യഥേഷ്ടമെത്തുമ്പോഴും നടപടിയെടുക്കേണ്ടവര്‍ക്ക് മൗനം. തേനി ജില്ലയിലെ കമ്പം, ഗൂഡല്ലൂര്‍, ഉത്തമപാളയം എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍നിന്നാണ് നിരോധിത കീടനാശിനികള്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കെത്തുന്നത്.

പല പേരിലുള്ള സ്റ്റിക്കര്‍ പതിച്ചെത്തുന്ന ഇത്തരം കീടനാശിനികള്‍ ജീവനും സ്വത്തിനും ഭീഷണിയായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. 5,10 ലിറ്ററുകളുടെ കന്നാസുകള്‍ക്കു പുറമെ ചെറിയ കുപ്പികളിലുമാക്കിയും ഇത്തരം കീടനാശിനികള്‍ തോട്ടം മേഖലയിലേക്ക് യഥേഷ്ടമെത്തുന്നുണ്ട്.

തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളുമായെത്തുന്ന വാഹനങ്ങള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ കീടനാശിനികള്‍ കടത്താന്‍ ഉപയോഗിക്കുന്നുണ്ട്. ഏലത്തോട്ടങ്ങളില്‍ കണ്‍സല്‍ട്ടന്റുമാര്‍ എന്ന പേരിലെത്തുന്നവരില്‍ ചിലര്‍ ഇത്തരം കീടനാശിനികള്‍ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.

അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ഇത്തരക്കാര്‍ പിടിക്കപ്പെടാറില്ല. മുന്‍പ് കര്‍ഷകര്‍ കീടനാശിനികള്‍ വില്‍പന കേന്ദ്രങ്ങളിലെത്തിയാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഈ രംഗത്ത് മത്സരം കടുത്തതോടെ തോട്ടങ്ങളിലെത്തി ചെടിയുടെ രോഗം മനസ്സിലാക്കി അവയ്ക്കുള്ള മരുന്നുകള്‍ വേണമെങ്കില്‍ വില്‍പനക്കാര്‍ വീടുകളിലെത്തിച്ചു നല്‍കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ തമിഴ്നാട്ടില്‍ നിന്ന് കണ്‍സല്‍റ്റന്റുമാര്‍ എന്ന ലേബലില്‍ എത്തുന്നവര്‍ എന്തു മരുന്നാണ് നല്‍കുന്നതെന്നു പോലും പരിശോധിക്കാതെ ഉപയോഗിക്കുന്ന കര്‍ഷകരുമുണ്ട്.