വാഴ്‌സ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്നത്തെ ഇന്ത്യ എല്ലാവരുടേയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു, മോദി കൂട്ടിച്ചേര്‍ത്തു. 1970-ലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചേരിചേരാ നയത്തെകുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

"എല്ലാ രാജ്യങ്ങളോടും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം. ഇന്ന് ആ സാഹചര്യം മാറി. ഇന്ന് എല്ലാവരുമായും ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരെക്കുറിച്ചും എല്ലാവരുടെയും നന്മയെക്കുറിച്ചും ചിന്തിക്കുന്നു. ഇന്ന് 'വിശ്വബന്ധു' എന്ന നിലയ്ക്കാണ് ഇന്ത്യയെ ലോകം ബഹുമാനിക്കുന്നത്." കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചേരിചേരാ നയത്തെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

ഒട്ടേറെ 'ആദ്യ' സംഭവങ്ങള്‍ കൊണ്ടുവരാനായത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 45 വര്‍ഷത്തിനിടെ പോളണ്ട് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്നത് നാട്ടില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്. ഓസ്ട്രിയയിലേക്ക് അടുത്തിടെ നടത്തിയ സന്ദര്‍ശനവും 40 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു. വിദേശനയത്തിലുണ്ടായ 180 ഡിഗ്രി മാറ്റമാണ് ഇത്തരം 'ആദ്യ'ങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇന്ന് പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രെയിന്‍ മാര്‍ഗം മോദി യുക്രെയ്നിലേക്കു പോകും.

ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്. 45 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979-ല്‍ മൊറാര്‍ജി ദേശായിയാണ് ഇതിനുമുന്‍പ് പോളണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയും പോളണ്ടുമായുള്ള നയതന്ത്രബന്ധത്തിന്റെ 70 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തന്റെ സന്ദര്‍ശനമെന്ന് സന്ദര്‍ശനത്തിന് മുന്‍പ് മോദി എക്‌സില്‍ കുറിച്ചിരുന്നു. പോളണ്ടില്‍നിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെ കാണുമെന്നാണ് വിവരം.

യുക്രൈന്‍ തലസ്ഥാനത്ത് എത്തുക 'റെയില്‍ ഫോഴ്സ് വണ്ണി'ല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് പ്രത്യേകതകളേറെയാണ്. സന്ദര്‍ശനത്തോടെ മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാവും മോദി. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി വെള്ളിയാഴ്ച യുക്രൈനിലേക്ക് സന്ദര്‍ശനത്തിനായി പോകുന്നത്.

റഷ്യയുമായി യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. റെയില്‍ ഫോഴ്സ് വണ്‍ തീവണ്ടിയില്‍ പോളണ്ടില്‍നിന്ന് 20 മണിക്കൂര്‍ യാത്രചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തുക.

നേരത്തെ, യുക്രൈന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവര്‍ കീവിലെത്തിയത് റെയില്‍ ഫോഴ്സ് വണ്‍ തീവണ്ടിയില്‍ യാത്രചെയ്താണ്. വിദേശസന്ദര്‍ശനങ്ങള്‍ക്കായി സെലന്‍സ്‌കി സ്ഥിരമായി ഉപയോഗിക്കുന്നത് ഈ തീവണ്ടിയാണ്.

റഷ്യയുമായുള്ള സംഘര്‍ഷത്തിന് ശേഷം യുക്രൈന്റെ നയതന്ത്ര ഹൈവേ ആയാണ് റെയില്‍ഫോഴ്സ് വണ്‍ ശൃംഘല അറിയപ്പെടുന്നത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം തീവണ്ടികളില്‍ ഇലക്ട്രിക് എന്‍ജിനുകളാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്. ഇതുമൂലം പോളണ്ട് അതിര്‍ത്തിയില്‍നിന്ന് കീവിലേക്കുള്ള യാത്രാസമയം വര്‍ധിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് മോദിയടക്കമുള്ള നേതാക്കള്‍ക്ക് 20 മണിക്കൂറിലേറെ രാത്രി യാത്രയടക്കം നടത്തി കീവിലേക്ക് എത്തേണ്ടിവരുന്നത്.

മീറ്റിങ്ങുകള്‍ക്കായി വലിയ മേശകള്‍, സോഫ, ടി.വി, ഉറങ്ങാനുള്ള സൗകര്യങ്ങള്‍ എന്നിവ ട്രെയിന്‍ ഫോഴ്സ് വണ്ണിന്റെ പ്രത്യേകതയാണ്. ക്രൈമിയ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി അത്യാഡംബര കാരേജുകളായിരുന്നു 2014-ല്‍ റെയില്‍ ഫോഴ്സ് വണ്ണില്‍ സജ്ജീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് റഷ്യ ക്രൈമിയ കീഴടക്കിയതോടെ വി.ഐ.പികളുടെ സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ഔദ്യോഗിക ജോലികള്‍ക്കും വിശ്രമത്തിനും ഇണങ്ങുന്ന തരത്തില്‍ മരത്തടിയില്‍ തീര്‍ത്തതാണ് ക്യാബിനുകള്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.