ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഇന്ന് ഏറ്റുമുട്ടാനിരിക്കെ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം കടുക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നുകഴിഞ്ഞു. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികളും പങ്കുചേര്‍ന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ പണത്തിന് വിലയുണ്ടോ ക്രിക്കറ്റ് മത്സരമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. പഹല്‍ഗാം ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രംഗത്തെത്തി. അസം മുഖ്യമന്ത്രിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോടും, എല്ലാവരോടും എനിക്ക് ഒരു ചോദ്യമുണ്ട്. പഹല്‍ഗാമിലെ നമ്മുടെ 26 പൗരന്മാരുടെയും മതം ചോദിച്ച് വെടിവച്ച പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ലേ- ഒവൈസി ചോദിച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സംഭാഷണവും ഭീകരതയും ഒരുമിച്ച് സംഭവിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളും ഒവൈസി ഓര്‍മ്മിപ്പിച്ചു. ഒരു ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ബിസിസിഐക്ക് എത്ര പണം ലഭിക്കും. പരമാവധി 3000 കോടി രൂപ നമ്മുടെ 26 പൗരന്മാരുടെ ജീവനേക്കാള്‍ മൂല്യം കൂടുതലാണോ പണത്തിനെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി), ശിവസേന (യുബിടി) എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ അപലപിച്ചു. മത്സരം പഹല്‍ഗാം ഇരകളുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ഒരു വശത്ത്, നിങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുന്നു. ഭീകരതയുമായി ചര്‍ച്ച വേണ്ടെന്നും ഭീകരതയുമായി വ്യാപാരം വേണ്ടെന്നും പറയുന്നു. പ്രതിനിധി സംഘം വിദേശ രാജ്യങ്ങളിലേക്ക് പോയി. ഇന്ന് പാകിസ്ഥാനുമായി മത്സരം കളിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് ദത്ത് ചോദിച്ചു.

രക്തവും വെള്ളവും ഒരുമിച്ച് ഒഴികില്ലെന്ന് ചെങ്കോട്ടയില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി രക്തവും ക്രിക്കറ്റും എങ്ങനെ ഒരുമിച്ച് പോകുന്നു എന്ന് രാജ്യത്തോട് പറയണമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ അറിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 'ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണ്. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ നമ്മള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണോയെന്നും അദ്ദേഹം താക്കറെ ചോദിച്ചു. മത്സരത്തിനെതിരെ തന്റെ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ സിന്ദൂരം (കുഞ്ചം) ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍, ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രവര്‍ത്തകര്‍ മത്സരം പ്രദര്‍ശിപ്പിക്കുന്ന ക്ലബ്ബുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെ തുറന്നുകാട്ടുമെന്ന് പറഞ്ഞു. പാകിസ്ഥാനുമായി ഒരു മത്സരം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ഈ മത്സരം നടക്കരുതെന്ന് രാജ്യം മുഴുവന്‍ പറയുന്നു. പിന്നെ എന്തിനാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് എഎപി മേധാവി അരവിന്ദ് കെജ്രിവാള്‍ എക്സിലെപോസ്റ്റില്‍ ചോദിച്ചു. ദേശീയ തലസ്ഥാനത്ത് പാകിസ്ഥാന്‍ കളിക്കാരുടെ പ്രതീകമായ കോലം ആം ആദ്മി പ്രവര്‍ത്തകര്‍ കത്തിച്ചു.

പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ, പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ബിസിസിഐയുടെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ആക്രമണത്തില്‍ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട സാവന്‍ പര്‍മാര്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോള്‍ പാഴായതായി തോന്നുന്നുവെന്ന് പറഞ്ഞു. ഇന്ത്യ -പാകിസ്ഥാന്‍ മത്സരം സംഘടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നു. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ബന്ധവും തുടരരുത്. നിങ്ങള്‍ക്ക് മത്സരം കളിക്കണമെങ്കില്‍, നിരവധി വെടിയുണ്ടകള്‍ ഏറ്റ എന്റെ 16 വയസ്സുള്ള സഹോദരനെ തിരികെ കൊണ്ടുവരിക. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോള്‍ പാഴായതായി തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷാന്യ ദ്വിവേദി, ടെലിവിഷനില്‍ പോലും മത്സരം കാണരുതെന്ന് ആളുകളോട് അഭ്യര്‍ത്ഥിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അരങ്ങേറുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി, ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉണ്ടായി. മത്സരം നടക്കാനിരിക്കെ, #BoycottIndvsPak പോലുള്ള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം കളിക്കുന്നതിന് വലിയ വിയോചിപ്പാണ് ജനങ്ങള്‍ക്കിടയിലുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കുമോയെന്ന് പോലും ഒരുഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണസില്‍ ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടപ്പോള്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കുമെന്ന് ഉറപ്പായി.പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും ബിസിസിഐക്കും വിമര്‍ശനം ശക്തമാണ്. പാകിസ്ഥാന്‍ വേദിയായ ചാമ്പ്യന്‍സ് ട്രോഫി മാര്‍ച്ചില്‍ നടന്നപ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടത്തിയത്. ഇനി ഒരു ടൂര്‍ണമെന്റിലും രണ്ട് രാജ്യങ്ങളും പരസ്പരം സന്ദര്‍ശിക്കില്ലെന്നും നിഷ്പക്ഷ വേദികളിലാകും മത്സരങ്ങള്‍ നടത്തുകയെന്നും ഐസിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. മത്സരം റദ്ദാക്കണമെന്ന ഹര്‍ജിയിലായിരുന്നു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളി. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മത്സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച ദുബായില്‍ ഏറ്റുമുട്ടും. ഏപ്രില്‍ 22 ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരം ആയിരിക്കുമിത്.


ഇന്ത്യ-പാക് പോരാട്ടം ഇന്ന്

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കേണ്ടത്. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഏഷ്യാ കപ്പില്‍ ആദ്യ മത്സരം ജയിച്ച ശേഷമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയെ തോല്‍പിച്ചപ്പോള്‍ പാകിസ്ഥാന്‍ ഒമാനെ പരാജയപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നടുവില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും പോരാട്ടമുറപ്പാണ്. പാകിസ്ഥാനെതിരെ ട്വന്റി 20യിലെ നേര്‍ക്കുനേര്‍ ബലാബലത്തില്‍ ടീം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളില്‍ പത്തിലും ജയം ടീം ഇന്ത്യക്കൊപ്പമായിരുന്നു.


ബിസിസിഐ പ്രതിനിധികള്‍ മത്സരം കാണാന്‍ എത്തിയേക്കില്ല

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധികള്‍ എത്തിയേക്കില്ലെന്ന് സൂചന. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ കളി ബഹിഷ്‌കരിക്കണമെന്ന് സൈബറിടങ്ങളില്‍ ആഹ്വാനം ശക്തമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ഔദ്യോഗികമായി മത്സരം ബഹിഷ്‌കരിക്കാന്‍ സാധിക്കില്ലെങ്കിലും ബിസിസിഎ ഉദ്യോഗസ്ഥരൊന്നും മത്സരത്തിന് എത്താത്തവിധം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അടക്കമുള്ളവര്‍ വരില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തേ ദുബായിയില്‍നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ബിസിസിഐ പ്രതിനിധികളെല്ലാം മത്സരം കാണാനെത്തിയിരുന്നു.