ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കമ്പോളമായ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തി അധിക തീരുവയുടെ കൊടുങ്കാറ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ കെട്ടുറപ്പിനെ പരീക്ഷിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധിയെ മറികടക്കാനും അതിനെ അവസരമാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിനായി നയതന്ത്ര മാര്‍ഗങ്ങളും ബദല്‍ ആഗോള കൂട്ടായ്മകളും ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. തീരുവയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്ന കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതടക്കമുള്ള പരിഹാര നടപടികള്‍ രാജ്യം ആലോചിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ആഗോള വ്യാപാരത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാനും അധികത്തീരുവ കാരണം ഉണ്ടാകാനിടയുള്ള സാമ്പത്തിക തിരിച്ചടിയുടെ ദുരിതം കുറയ്ക്കാനും ഇന്ത്യ ബഹുമുഖ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

തീരുവ വിഷയത്തില്‍ ഇന്ത്യ യുഎസ് ബന്ധം ഉലയുന്നതിനിടെ നിര്‍ണായക പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നതായും സൂചന പുറത്തുവന്നു. യുഎസ് കമ്പനിയുമായി നൂറു കോടി ഡോളറിന്റെ കരാര്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക പതിപ്പായ എല്‍സിഎ മാര്‍ക്ക് 1എ വിഭാഗത്തിനുള്ള എന്‍ജിനുകള്‍ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ ഒപ്പ് വയ്ക്കുക. ജിഇ-404 വിഭാഗത്തില്‍പ്പെട്ട 113 എന്‍ജിനുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസ് കമ്പനിയായ ജിഇയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സെപ്റ്റംബറോടെ കരാര്‍ ഒപ്പിടുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തീരുവ തര്‍ക്കം തുടരുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നാല് തവണയും കോളുകള്‍ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ചതായാണ് ജര്‍മ്മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് യുഎസ് കമ്പനിയുമായി നൂറു കോടി ഡോളറിന്റെ കരാര്‍ ഇന്ത്യ ഒപ്പ് വയ്ക്കുന്നത്.

തീരുവ തര്‍ക്കം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് യുഎസ് കമ്പനിയുമായി ഇന്ത്യ പ്രതിരോധ കരാര്‍ ഒപ്പിടുന്നത്. എല്‍സിഎ മാര്‍ക്ക് 1എ വിഭാഗത്തില്‍പ്പെട്ട 97 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിന് വ്യോമസേന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) 62,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചിരുന്നു. നേരത്തെ വ്യോമസേനയ്ക്കായി വാങ്ങുന്ന എല്‍സിഎ മാര്‍ക്ക് 1എ വിഭാഗത്തില്‍പ്പെട്ട 83 യുദ്ധവിമാനങ്ങള്‍ക്കായി 99 ജിഇ-404 എന്‍ജിനുകള്‍ വാങ്ങാനും എച്ച്എഎല്ലും ജിഇയും തമ്മില്‍ കരാറുണ്ട്.

ഇത്തരത്തിലുള്ള 113 എന്‍ജിനുകള്‍ കൂടി വാങ്ങാനുള്ള കരാറിലാണ് ഇപ്പോള്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇതോടെ ആകെ 202 ജിഇ-404 എന്‍ജിനുകള്‍ ജിഇയില്‍നിന്ന് എച്ച്എഎല്‍ വാങ്ങും. വ്യോമസേനയില്‍ മിഗ്-21 വിമാനങ്ങളുടെ സേവനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് തേജസ് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന പ്രതിരോധ നിരയില്‍ കൂടുതലായി വിന്യസിക്കാനൊരുങ്ങുന്നത്.

മിഗ് 21 കളമൊഴിയും

വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ കരുത്താകും. 97 തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങളാണ് വാങ്ങുക. ഇതിനായി 62,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുക. ഇതിനായുള്ള കരാര്‍ ഉടന്‍ ഒപ്പിടും.

കാലപ്പഴക്കം ചെന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ സേനയില്‍നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ്. ഇതിന് പകരമാണ് തേജസ് വിമാനങ്ങളെത്തുക. 97 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ വരുന്നതോടെ തദ്ദേശീയ വിമാന നിര്‍മാണത്തിലൂടെ രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ക്കും വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.

ഇതിനുമുമ്പ് 40 തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിനെ അപേക്ഷിച്ച് മാര്‍ക്ക് 1 പതിപ്പ് സാങ്കേതികമായി കൂടുതല്‍ മികച്ചവയാണ്. മെച്ചപ്പെട്ട ഏവിയോണിക്സ്, റഡാര്‍ എന്നിവയാണ് തേജസ് മാര്‍ക്ക് 1 എ-യുടെ പ്രത്യേകതകള്‍. ഇതിനുപുറമെ വിമാനത്തിന്റെ 65 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച ഘടകങ്ങളാണ്.

തേജസിന്റെ മാര്‍ക്ക് 2 പതിപ്പിന്റെ വികസനം അന്തിമഘട്ടത്തിലാണ്. തേജസ് മാര്‍ക്ക് 2-വിന്റെ 200 യൂണിറ്റുകള്‍ വ്യോമസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ, നിലവില്‍ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള എഎംസിഎയുടെ ഉത്പാദനം തുടങ്ങിയാല്‍ 200 വിമാനങ്ങള്‍ വ്യോമസേന വാങ്ങിയേക്കും.

കരുതലോടെ ഇന്ത്യ

ഇന്ത്യയുടെ സാമ്പത്തികമായ പ്രതിരോധശേഷിയും ഭൗമ രാഷ്ട്രീയപരമായ ദൃഢനിശ്ചയവും പരിശോധിക്കുന്ന പ്രതിസന്ധിയാണ് അമേരിക്കയുടെ പിഴത്തീരുവ കാരണം സംജാതമായിരിക്കുന്നത്. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വഴി ഇന്ത്യ വില കുറഞ്ഞ ഊര്‍ജ്ജം വാങ്ങുന്നതിനുള്ള അവകാശത്തെ പ്രതിരോധിക്കുക മാത്രമല്ല, ഒരു ബഹുധ്രുവ ലോകത്തില്‍ കൂടുതല്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു അമേരിക്കയുമായി ചര്‍ച്ചകള്‍ക്കുള്ള ഇടം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇന്ത്യ മറ്റു ബദലുകള്‍ തേടുന്നത്. അമേരിക്കയില്‍ ഇന്ത്യയ്ക്കായി ലോബിയിംഗ് നടത്താന്‍ ട്രംപ് ഭരണകൂടവുമായി അടുപ്പമുള്ള മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സ് എന്ന സ്ഥാപനത്തെ മൂന്നുമാസത്തേക്ക് ചുമതലപ്പെടുത്തിയത് ഉദാഹരണം.