ന്യൂഡല്‍ഹി: നേപ്പാളില്‍ അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഏഴു ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയും നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും ജാഗ്രത ശക്തമാക്കി. ബല്‍റാംപുര്‍, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുര്‍ ഖേരി, സിദ്ധാര്‍ഥ് നഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം, പട്രോളിങ് ശക്തമാക്കല്‍, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കല്‍ എന്നിവയ്ക്ക് ഡിജിപി ഉത്തരവിട്ടു.

യുപി, ബീഹാര്‍ അടക്കം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. നേപ്പാളിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ഉന്നതലയോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുമായി ആയിരത്തിലധികം മൈല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ തുറന്ന അതിര്‍ത്തിയാണെന്നതിനാല്‍ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കും. ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു.

ബീഹാറിലെ റക്സോളിനെ നേപ്പാളിലെ ബിര്‍ഗുഞ്ചുമായി ബന്ധിപ്പിക്കുന്ന മൈത്രി പാലം വിജനമാണ്. ഇവിടെ കൂടുതല്‍ സുരക്ഷ വിന്യാസം നടത്തിയിട്ടുണ്ട്. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലെ പനിറ്റാങ്കിയിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. യുപിയില്‍ സുരക്ഷ വിലയിരുത്താന്‍ ഉന്നതല യോഗം ചേര്‍ന്നു. ലഖീംപൂര്‍ഖേരിയിലും പൊലീസ് പരിശോധന തുടരുകയാണ്.

നേപ്പാളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതലതല യോഗം വിളിച്ചിരുന്നു. സുരക്ഷകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗമാണ് ചേര്‍ന്നത്. അക്രമം ഹൃദയഭേദകമെന്ന് മോദി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന് സന്ദേശം നരേന്ദ്ര മോദി നല്‍കി.

നേപ്പാളില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ കടുത്ത ആശങ്കയിലാണ്. ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന എല്ലാം കത്തി നശിച്ചെന്നും കഷ്ടിച്ചാണ് ജിവന്‍ തിരിച്ചു കിട്ടിയതെന്നും ഉപസ്താ ഗില്‍ എന്ന ഇന്ത്യന്‍ വിനോദസഞ്ചാരി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുളള തന്ത്രപ്രധാന പ്രദേശമായ നേപ്പാള്‍ എങ്ങോട്ട് നീങ്ങുമെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്. രാജ്യസുരക്ഷ ഉറപ്പാക്കുള്ള ഇടപെടല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് തയ്യാറെടുക്കാനാണ് സുരക്ഷാകാര്യ സമിതി യോഗത്തിലുണ്ടായ ധാരണ.

നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ലക്നൗ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. 0522-239025, 0522-2724010, 9454401674, വാട്‌സാപ് നമ്പര്‍ -9454401674 എന്നിവയാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍. ഇന്ത്യന്‍ പൗരന്മാര്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്നാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കാഠ്മണ്ഡുവില്‍ അകപ്പെട്ട 40 മലയാളികളെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചൈനയിലെ ഡാര്‍ചനില്‍ കുടുങ്ങിയ മലയാളികളടക്കം 3000ലധികം കൈലാസ മാനസ സരോവര്‍ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഭരണം പ്രതിസന്ധിയിലായതോടെ ക്രമസമാധാനവും സുരക്ഷയും ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവിലെ നിരോധനാജ്ഞ ഇന്നുവൈകിട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. കാലപത്തിനിടെ ജയില്‍ ചാടിയവരും പിടിയിലായിരിക്കുകയാണ്. അഞ്ചുപേരെ പിടികൂടിയെന്ന് എസ് എസ് ബി അറിയിച്ചു. യുപി അതിര്‍ത്തിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1500ലേറെ തടവുകാരാണ് ജയില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ഉള്‍പ്പെടുന്നു.