- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ മാറ്റം വരുത്താതെ അമേരിക്ക; രണ്ടാം യുഎസ് വിമാനം കുടിയേറ്റക്കാരുമായി എത്തിയത് കൈയ്യില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങലയിട്ടും; വിലങ്ങ് അഴിച്ചത് ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രം
അമൃത്സര്‍: മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനവും ഇന്ന് അമൃത്സറില്‍ എത്തിയിരുന്നു. 119 പേര്‍ അടങ്ങുന്ന ആളുകളുമായി യുഎസ് സൈന്യ വിമാനത്തിലാണ് ഇക്കുറിയും കുടിയേറ്റക്കാരെ എത്തിച്ചത്. 11.40 ഓടെയാണ് എത്തിയത്. ഇതിന് മുന്‍പ് കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചത് കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലക്കൊണ്ട് ബന്ധിച്ചുമാണ് വിമാനത്തില്‍ എത്തിച്ചത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇതിന് മാറ്റം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു മാറ്റവും സംഭവച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യം എത്തിച്ചതുപോലെ തന്നെയാണ് രണ്ടാമതും സൈനികള്‍ കുടിയേറ്റക്കാരെ എത്തിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അമൃത്സറില്‍ എത്തിയതിന് ശേഷം മാത്രമാണ് ഇവരുടെ കൈയ്യിലെ വിലങ്ങും കാലിലെ ചങ്ങലയും അഴിച്ച് മാറ്റിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്താണ് ഇന്ത്യക്കാരുമായുള്ള വിമാനം അവിടെ നിന്ന് പുറപ്പെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.
എന്നാല്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ അമേരിക്ക മാറ്റം വരുത്തിയില്ല. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി വ്യക്തമാക്കിയിരുന്നു. 119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഈ ആഴ്ച തന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതല്‍ ഇന്ത്യക്കാരെ അമേരിക്ക കൊണ്ടുവരുമെന്നാണ് വിവരം.
ഇന്ത്യക്കാരെ ബന്ധിച്ച് കൊണ്ടുവരുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാരെ കൈയില്‍ വിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നു. രൂക്ഷവിമര്‍ശനങ്ങളുയരുന്നതിനിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു.എസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കാരെ മോശക്കാരാക്കി കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു.