ബിജ്‌നോർ: കല്യാണം കൂടാനെത്തിയ അതിഥികൾ ഒന്ന് ശ്രദ്ധിച്ചു. ഇന്ത്യൻ രീതിയിൽ ഒരുങ്ങിയിരിക്കുന്ന ചൈനീസ് മണവാട്ടി. അവർക്ക് ദേശവും ഭാഷയുമൊന്നും തടസമായിരുന്നില്ല. ആദ്യം സൗഹൃദത്തിലായി പിന്നാലെ കടുത്ത പ്രണയം, ഇന്ത്യൻ വധുവായി ചൈനീസ് യുവതി അണിഞ്ഞൊരുങ്ങിയപ്പോൾ അതിഥികൾ വരെ നല്ല ഐശ്വര്യമുള്ള കുട്ടിയെന്ന് പറഞ്ഞുപോയി.

വിദേശികളായവരുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ഒരുപാടു പേരുണ്ട്. കഴിഞ്ഞ ദിവസം അങ്ങനെ കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ ബിജ്നോറിലും നടന്നു. അഭിഷേക് രജ്പുത് എന്ന യുവാവും ചൈനയിൽ നിന്നുള്ള സിയോ എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് ഇവിടെ നടന്നത്.

ബിജ്‌നോറിലെ ചാന്ദ്‌പൂരിലുള്ള മോർണ എന്ന ഗ്രാമത്തിൽ നിന്നുള്ള ആളാണ് അഭിഷേക്. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ തായ്‌യുവാൻ എന്ന നഗരത്തിൽ നിന്നുള്ള ആളാണ് സിയാവോ. ഇരുവരും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ്. ആഫ്രിക്കയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട്, അവരുടെ സൗഹൃദം കൂടുതൽ ശക്തമായി. അഞ്ച് വർഷം മുമ്പ്, അവർ ഇരുവരും ചൈനയിൽ ജോലി ചെയ്ത് തുടങ്ങി. അപ്പോഴാണ് അവരുടെ സൗഹൃദം പ്രണയമായി മാറുന്നത്.

കഴിഞ്ഞ വർഷം സപ്തംബർ 25 -ന് ചൈനയിൽ വച്ച് ഇരുവരുടെയും കോർട്ട് മാര്യേജ് കഴിഞ്ഞിരുന്നു. എങ്കിലും പരമ്പരാ​ഗതമായ ഇന്ത്യൻ രീതിയിൽ വിവാഹം കഴിക്കണം എന്നത് അഭിഷേകിന്റെ വലിയ ആ​ഗ്രഹം ആയിരുന്നു. അയാളത് സിയോയോട് പറയുകയായിരുന്നു. അവൾക്കും അതിൽ സന്തോഷമായിരുന്നു. അങ്ങനെയാണ് ഇന്ത്യയിൽ വച്ച് ആ വിവാഹം നടത്താൻ തീരുമാനിച്ചത്.

ചാന്ദ്പൂരിലെ പഞ്ചവടി ബാങ്ക്വറ്റ് ഹാളിൽ വെച്ചാണ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. മാല അണിയിക്കലും, അഗ്നിക്ക് ചുറ്റുമുള്ള വലം വയ്ക്കലും ഉൾപ്പടെ എല്ലാ പരമ്പരാഗത ആചാരങ്ങളും പിന്തുടർന്നായിരുന്നു വിവാഹം.

സിയോയുടെ മാതാപിതാക്കൾക്ക് ഏകമകളായിരുന്നു അവൾ. എന്നാൽ, വിസയിലെ പ്രശ്നം കാരണം ഇരുവർക്കും മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇപ്പോൾ ആഫ്രിക്കയിലാണ് ഇരുവരും ജോലി ചെയ്ത് വരുന്നത്. ഇപ്പോൾ ഇവരുടെ വിവാഹ വിശേഷം സോഷ്യൽ മീഡിയയിൽ അടക്കം വളരെ വൈറലാണ്.