- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മാസത്തിന് ശേഷം ഇക്ബാല്‍ മാര്‍ക്കോണി പുറത്ത്; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രവാസി വ്യവസായിക്ക് ജാമ്യം ലഭിച്ചത് കടുത്ത നിബന്ധനകളോടെ; യുഎഇ വിട്ടുപോകാന്‍ അനുമതിയില്ല; ഇ.സി.എച്ച് ജീവനക്കാര്‍ക്കും ആശ്വാസം
മൂന്ന് മാസത്തിന് ശേഷം ഇക്ബാല്‍ മാര്‍ക്കോണി പുറത്ത്
ദുബായ്: യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും പ്രവാസി ബിസിനസുകാരന്‍ ഇക്ബാല്‍ മാര്‍ക്കോണി പുറത്തേക്ക്. എമിഗ്രേഷന്‍ ഇടപാടുകളിലെ ക്രമക്കേടിന്റെ പേരിലാണ് മാര്‍ക്കോണി യുഎഇയില്‍ പോലീസ് കസ്റ്റഡിയിലായിരുന്നത്. മൂന്ന് മാസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഇക്ബാല്‍ മാര്‍ക്കോണി പുറത്തിറങ്ങുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുറത്തിറങ്ങുന്നത്. കടുത്ത വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുഎഇ വിട്ടുപോകാന്‍ അനുമതിയില്ല. മുന്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നതും അടക്കമുള്ള നിബന്ധനകളോടയാണ് മാര്‍ക്കോണിക്ക് ജാമ്യം അനുവദിച്ചത്.
ഇസിഎച്ച് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയായ ഇക്ബാല്‍ സെലബ്രിറ്റികളുടെ സ്വന്തം ബിസിനസുകാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു. യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ഇകബാല്‍ മാര്‍ക്കോണി. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം സ്ഥാപനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ യുഎഇയില്‍ കസ്റ്റഡിയില്‍ ആയിരുന്നത്. തതുടര്‍ന്നിങ്ങോട്ട് മാര്‍ക്കോണി സ്ഥാപനത്തില്‍ എത്തിയിരുന്നില്ല.
മാര്‍ക്കോണിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട വാര്‍ത്ത മറുനാടന്‍ പുറത്തുവിട്ടപ്പോള്‍ വധഭീഷണി അടക്കം മുഴക്കി ചിലര്‍ സൈബറിടത്തില്‍ രംഗത്തു വന്നിരുന്നു. മാര്‍ക്കോണിക്ക് പിന്നാലെ ഇ.സി.എച്ചിലെ ജീവനക്കാരില്‍ ചിലരും കേസുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കുരുങ്ങി. ഇവര്‍ക്കും താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജീവനക്കാരെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
നിരവധി സെലബ്രിറ്റികള്‍ക്ക് ഗോള്‍ഡന്‍ വിസ എടുത്തു കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് ഇസിഎച്ച് ഡിജിറ്റലിന്റെ ഉടമസ്ഥനായ ഇക്ബാല്‍ മാര്‍ക്കോണിയായിരുന്നു. നിരവധി സെലിബ്രിറ്റികള്‍ ഇസിഎച്ചും ഇക്ബാലും വഴി ഗോള്‍ഡന്‍ വിസ നേടിയെടുത്തിരുന്നു. ഇത് ദുബായിലെ പ്രമുഖ മാധ്യമങ്ങളില്‍ അടക്കം പലതവണ വാര്‍ത്തകളില്‍ നിറഞ്ഞു. ഗോള്‍ഡന്‍ മാന്‍ ഓഫ് യുഎഇ എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ പലതും. മലയാളത്തില്‍ നിന്നും നിരവധി സിനിമാക്കാര്‍ ഇഖ്ബാല്‍ മാര്‍ക്കോണി വഴി ഗോള്‍ഡന്‍ വിസ തരപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ മര്‍ചന്റ് നേവിയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത ശേഷമാണ് ഇക്ബാല്‍ യുഎഇയില്‍ എത്തുന്നത്. 12 വര്‍ഷം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് ബിസിനസില്‍ ഇറങ്ങിയത്. തൊണ്ണൂറു കളില്‍ സാമൂഹിക ജീവിതത്തെയാകെ മാറ്റിമറിച്ചുകൊണ്ട് ഉദയം കൊണ്ട കംപ്യൂട്ടര്‍ വിപ്ലവത്തില്‍ ആകൃഷ്ടനായി 'മാര്‍ക്കോണി' എന്നപേരില്‍ കോഴിക്കോട് ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുറന്നു. തുടര്‍ന്നാണ് ഐടി സംബന്ധമായ ബിസിനസിലേക്ക് ചുവടുവെച്ചത്. 2016 ല്‍ എമിറേറ്റ്‌സ് കമ്പനി ഹൗസ് (സിഎച്ച്) എന്ന സ്ഥാപനം ദുബായ് ഖിസൈസ് 'അല്‍ തവാര്‍ സെന്ററി' തുടങ്ങി. ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ കമ്പനി വളര്‍ന്നുകയറി. ഒന്നിനു പിറകെ ഒന്നായി ബ്രാഞ്ചുകള്‍ പിറന്നു. ഒരു ദിവസം 300 ട്രേഡ് ലൈസന്‍സ് വരെ ഇഷ്യു ചെയ്തു. ഇതിനിടെ സ്പോണ്‍സറുമായുള്ള പ്രശ്നത്തില്‍ ഈ സ്ഥാപനം തകര്‍ന്നു. അവിടെ നിന്നും രണ്ടാമത് കെട്ടിപ്പടുത്ത സ്ഥാപനമാണ് ഇ.സി.എച്ച് ഡിജിറ്റല്‍.
ഈ സ്ഥാപനത്തിലൂടെ 34,000ത്തോളം ഗോള്‍ഡന്‍ വീസയുടെ നടപടിക്രമങ്ങളില്‍ പങ്കാളിയായി എന്നാണ് ഇക്ബാല്‍ മാര്‍ക്കോണി അവകാശപ്പെടുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലെ പല താരങ്ങള്‍ക്കും പ്രമുഖ സംവിധായകര്‍ക്കും ഗായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യുഎഇ ഗോള്‍ഡന്‍ വീസ ഏര്‍പ്പാടാക്കി നല്‍കിയിരുന്നു ഇക്ബാല്‍ മാര്‍ക്കോണി.