- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ഒരു അറിയിപ്പ് കിട്ടുന്നത് വരെ ആരും അതുവഴി പോകരുത്!! ഗൾഫ് രാജ്യങ്ങളിൽ അടക്കം ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതോടെ നടുങ്ങിയ ലോകം; പെട്ടെന്ന് കടലിലൂടെ കുതിച്ച കപ്പലുകൾക്ക് ജഗ്രത നിർദ്ദേശം; 'ഹോര്‍മുസ്' കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചേക്കുമെന്ന് സൂചനകൾ; ആഗോള വിപണിയിൽ ആശങ്ക; ചരക്ക് നീക്കം പ്രതിസന്ധിയിലാകുമോ?

തെഹ്‌റാൻ: ആഗോള വാണിജ്യരംഗത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് ലഭിച്ചതായാണ് വിവരം. പ്രമുഖ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഷിപ്പിംഗ് കമ്പനികളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കം പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്.
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും നിർണ്ണായകമായ 'ചെക്ക് പോയിന്റ്' ആണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന കയറ്റുമതി പാതയാണിത്. പാത പൂർണ്ണമായും അടയ്ക്കപ്പെട്ടാൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരും. ഏഷ്യൻ വിപണികളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. മുന്നറിയിപ്പിനെത്തുടർന്ന് ചരക്കു കപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ സുരക്ഷിത സ്ഥാനങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹോർമുസ് പാത ഒഴിവാക്കാൻ അമേരിക്ക തങ്ങളുടെ കപ്പലുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. എന്നാൽ പാത ഔദ്യോഗികമായി അടച്ചെന്ന റിപ്പോർട്ടുകൾ ഇറാൻ പുറത്തുവിട്ടിട്ടില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി.
മേഖലയിൽ അമേരിക്ക നടത്തുന്ന സൈനിക വിന്യാസത്തിന് മറുപടിയായി ഒരാഴ്ച മുമ്പ് ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിരുന്നു. 1980-കൾക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം ഇറാൻ നടത്തുന്നത്. തങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
"യുസ്എന്നും അന്താരാഷ്ട്ര നിയമങ്ങളും നിഷ്കർഷിക്കുന്ന എല്ലാ പരിധികളും അമേരിക്കയും ഇസ്രായേലും ലംഘിച്ചു കഴിഞ്ഞു. പ്രതിരോധത്തിനായി ലഭ്യമായ എല്ലാ മാർഗങ്ങളും ഇറാൻ സ്വീകരിക്കും." - ഇറാൻ ഔദ്യോഗിക വക്താവ്. തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ മേഖലയിലെ ഇസ്രായേൽ, യുഎസ് താവളങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്.
ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പെട്രോളിയത്തിന്റെ ഏതാണ്ട് അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. സൗദി അറേബ്യ, ഇറാൻ, യുഎഇ, കുവൈറ്റ്, ഇറാഖ് എന്നീ രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഈ പാതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഹോർമുസിലെ നേരിയ തടസ്സം പോലും ആഗോള പണപ്പെരുപ്പത്തിനും വിതരണ ശൃംഖലയുടെ തകർച്ചയ്ക്കും കാരണമാകും.
നിലവിൽ പശ്ചിമേഷ്യയിൽ പുകയുന്ന സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങിയാൽ ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാന്റെ അടുത്ത നീക്കങ്ങൾക്കായി കാതോർക്കുകയാണ് ആഗോള സമൂഹം.
അതേസമയം, പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഭയാനകമായ സൈനിക നീക്കങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാവിലെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെയാകെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അമേരിക്കന്‍ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലുടനീളം ഇറാന്‍ ശക്തമായ പ്രതികാര ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ദുബായിലെ വിശ്വപ്രസിദ്ധമായ പാം ജുമൈറ ഹോട്ടലിന് പിന്നാലെ ബഹ്റൈനിലെ ഒരു പാര്‍പ്പിട സമുച്ചയത്തിലും ഇറാന്റെ ആത്മഹത്യാ ഡ്രോണുകള്‍ (Suicide Drones) പതിച്ചു.
ബഹ്റൈനിലെ പല ജനവാസ കെട്ടിടങ്ങള്‍ക്കും നേരെ ഇറാന്റെ ആക്രമണമുണ്ടായതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമയിലെ ഇറ വ്യൂ ടവറിന് (Era View Tower) നേരെ നടന്ന ആത്മഹത്യാ ഡ്രോണ്‍ (Suicide Drone) ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ സ്ഥിരീകരണം.
'മനാമയിലെ നിരവധി ജനവാസ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടന്നത്. സിവില്‍ ഡിഫന്‍സ് വിഭാഗം ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ തീപിടുത്തം നിയന്ത്രിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും തുടരുകയാണ്,' മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഏറെ താമസിക്കുന്ന മേഖലകളിലെ ആഡംബര കെട്ടിടങ്ങള്‍ ഡ്രോണ്‍ ആക്രമണത്തില്‍ കത്തിയമരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മനാമയിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്റ് ആയ 'ഇറ വ്യൂ ടവര്‍' ആണ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ വലിയ തീഗോളം ഉയരുന്നതും അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരിന്നു.


