ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ സ്ത്രീകളെ നിരന്തരമായി ആക്രമിച്ച വ്യക്തിയെ വധശിക്ഷക്ക് വിധേയനാക്കി. രാസ്ത്ഗൂയി കണ്ടോലാജ് എന്നാണ് ഇയാളുടെ പേര്. 59 ഓളം സ്ത്രീകളെ ഇയാള്‍ ആക്രമിച്ചു എന്നായിരുന്നു കേസ്. തടി കൊണ്ട് നിര്‍മ്മിച്ച ഒരായുധം ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളെ ആക്രമിച്ചിരുന്നത്. പല സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ ഈ ആക്രമണങ്ങള്‍ ടെഹ്റാനില്‍ വല്ലാതെ ഭീതി പടര്‍ത്തുകയും ചെയ്തിരുന്നു.

മുഖം മറച്ച് കൊണ്ടാണ് ഇയാള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് സ്ത്രീകളെ ആക്രമിച്ചിരുന്നത്. 2018 നവംബറിലാണ് ഈ ആക്രമണപരമ്പര നടന്നത്. കേസില്‍ പ്രതിയായ കണ്ടോലാജിനെ എപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന കാര്യം ഇറാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തന്നെ കേസില്‍ വധശിക്ഷക്ക്് വിധിച്ചതിനെതിരെ ഇയാള്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പുനര്‍വിചാരണ നടത്തണം എന്നാവശ്യപ്പെട്ടാണ് കണ്ടോലാജ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയുടെ ഇയാളുടെ അപ്പീല്‍ തള്ളിക്കളയുകയായിരുന്നു.

ഇറാനില്‍ കൊലപാതകവും മയക്കുമരുന്ന് കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നത് സാധാരണയാണ്. ലൈംഗിക അതിക്രമങ്ങള്‍ക്കും ബലാത്സംഗത്തിനും ഇറാനില്‍ വധശിക്ഷ ഉറപ്പാണ്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പേരെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യമാണ് ഇറാന്‍. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകളാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. നോര്‍വ്വേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന പറയുന്നത് ഇറാനില്‍ ഈ വര്‍ഷം

വധശിക്ഷ നടപ്പാക്കുന്നതില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായതെന്നാണ്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 166 പേരെയാണ് ഇവിടെ വധശിക്ഷക്ക് വിധേയരാക്കിയത്. 2007 ന് ശേഷം ഇത്രയുമധികം പേരെ ഒരു മാസത്തിനുള്ളില്‍ വധശിക്ഷക്ക് വിധേയമാക്കുന്നത് ഇതാദ്യമാണ്. 1980കള്‍ മുതല്‍ ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നത് തൂക്കിക്കൊല്ലല്‍ വഴിയാണ്. പരസ്യമായിട്ടാണ് ഇവിടെ തൂക്കിക്കൊല നടപ്പിലാക്കുന്നത്. വളരെ സാവധാനം കുറ്റവാളി അങ്ങേയറ്റം വേദന അനുഭവിക്കുന്ന

രീതിയിലാണ് തൂക്കിക്കൊല നടത്തുന്നത്. ഇത് കാണുന്ന ജനങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍മാറാന്‍ കാരണമാകും എന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്.

ജനങ്ങളുടെ മുന്നില്‍ വെച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കൂടാതെ ടെലിവിഷനില്‍ ഈ ക്രൂരദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും ഇവിടെ പതിവാണ്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന രീതിയിലാണ് ഇറാനിലെ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. 2022-23 കാലഘട്ടത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പലരേയും ഇറാനിലെ മതഭരണകൂടം ഇത്തരത്തില്‍ തൂക്കിലേറ്റിയ കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. തൂക്കിക്കൊല്ലുന്നതിനായി തൂക്കുമരത്തിന് പകരം ഇറാനില്‍ കെയ്രിന്‍ ആണ ്ഉപയോഗിക്കുന്നത്.