ടെഹ്റാന്‍: ഇറാനില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ? ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രക്തരൂക്ഷിത പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിലെ നഗരങ്ങളില്‍ അലയടിക്കുന്നത് വെറുമൊരു പരിഷ്‌കരണത്തിനായുള്ള മുദ്രാവാക്യങ്ങളല്ല, മറിച്ച് 1979-ല്‍ സ്ഥാപിതമായ നിലവിലെ പൗരോഹിത്യ ഭരണസംവിധാനത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പോരാട്ടവീര്യമാണ്. 'ഇസ്ലാമിക് റിപ്പബ്ലിക് വേണ്ട' എന്ന ഉറച്ച നിലപാടിലേക്ക് പ്രക്ഷോഭകാരികള്‍ മാറിയിരിക്കുന്നു.





പരിഷ്‌കരണമല്ല, വേണ്ടത് മാറ്റം

മുന്‍കാലങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ വിലക്കയറ്റത്തോടോ അല്ലെങ്കില്‍ ചില നിയമങ്ങളിലെ മാറ്റത്തോടോ ഉള്ള പ്രതിഷേധമായിരുന്നു. എന്നാല്‍ ഇത്തവണ ചിത്രം മാറി. 86 വയസ്സുകാരനായ ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടം തന്നെ രാജിവെക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

തലമുറകളുടെ പോരാട്ടം; റെസ പഹലവി തിരികെ വരുമോ?

ഡിസംബര്‍ 28 മുതല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും യുവതലമുറയ്ക്കൊപ്പം പ്രായമായവരും തെരുവിലിറങ്ങിയിരിക്കുകയാണ്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രതിഷേധമല്ല, മറിച്ച് രാജ്യത്തിന്റെ പൊതുവികാരമായി മാറിയിരിക്കുന്നു.

1979-ലെ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമിയായ റെസ പഹലവി തിരികെ വരണമെന്ന ആവശ്യം തെരുവുകളില്‍ ശക്തമാണ്. 'പഹലവി മടങ്ങിവരും' എന്ന മുദ്രാവാക്യം ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

'ഖമേനിക്ക് മരണം'; അലയടിക്കുന്ന മുദ്രാവാക്യങ്ങള്‍

പരമോന്നത നേതാവായ ഖമേനിക്കെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ ഇറാനിലെ ജനങ്ങള്‍ കാണിക്കുന്ന ധൈര്യം ലോകത്തെ അദ്ഭുതപ്പെടുത്തുന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങള്‍ കത്തിച്ച് സ്ത്രീകള്‍ സിഗരറ്റ് കത്തിക്കുന്ന പുതിയൊരു പ്രവണത ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യന്‍ രാജ്യത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ ശക്തമായ അടയാളമായി ഇത് മാറി. കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കും എതിരായ വെല്ലുവിളിയുടെ പ്രതീകമായാണ് ഈ പ്രതിഷേധരീതിയെ വിലയിരുത്തുന്നത്.





ഭയമില്ലാത്ത ജനത

വധശിക്ഷയും കടുത്ത അടിച്ചമര്‍ത്തലും നേരിടേണ്ടി വരുമെന്ന് വ്യക്തമായിട്ടും ജനങ്ങള്‍ പിന്‍വാങ്ങുന്നില്ല. 200-ലധികം പേര്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭരണകൂടം അടിച്ചേല്‍പ്പിച്ച വസ്ത്രധാരണ രീതികളെയും ഹിജാബ് നിയമങ്ങളെയും തെരുവില്‍ ചുട്ടെരിച്ചുകൊണ്ടാണ് ഇറാനിലെ സ്ത്രീകള്‍ ഈ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്.


'കഴിഞ്ഞ 47 വര്‍ഷമായി ഞാന്‍ മരിച്ചവളാണ്, എനിക്ക് ഭയമില്ല' എന്ന് രക്തം പുരണ്ട മുഖവുമായി വിളിച്ചുപറയുന്ന വൃദ്ധയായ സ്ത്രീയുടെ വീഡിയോ ഇറാനിലെ പൊതുമനസ്സിന്റെ പ്രതിഫലനമാണ്.




ഖമേനിയുടെ പതനം തുടങ്ങുന്നുവോ?

അഴിമതിയും സാമ്പത്തിക തകര്‍ച്ചയും കൊണ്ട് പൊറുതിമുട്ടിയ ജനതയ്ക്ക് ഇനി പരിഷ്‌കരണങ്ങളില്‍ വിശ്വാസമില്ല. ഇസ്ലാമിക് റിപ്പബ്ലിക് എന്ന പേരില്‍ നടക്കുന്ന ഏകാധിപത്യത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ഷാ ഭരണകാലത്തെ സ്വതന്ത്രമായ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇറാനില്‍ രൂപപ്പെട്ടിരിക്കുന്നു.

ഖമേനിയുടെ ചിത്രങ്ങള്‍ കത്തിച്ച് സിഗരറ്റ് കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സ്ത്രീകള്‍ക്ക് പുകവലിക്കുന്നതിനും അവിടെ നിയന്ത്രണങ്ങളുണ്ട്. 2022-ല്‍ 'അനുചിതമായ വസ്ത്രധാരണത്തിന്റെ' പേരില്‍ 'സദാചാര പോലീസ്' കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22 വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും സമാനമായ വിയോജിപ്പുകള്‍ കണ്ടിരുന്നു.


കഴിഞ്ഞ വര്‍ഷം ഖമേനിയുടെ ചിത്രം കത്തിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒമിദ് സര്‍ലാക്ക് എന്നയാളെ മണിക്കൂറുകള്‍ക്കകം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.