- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇനി ആരും കാണേണ്ട, പ്രതിഷേധിക്കണ്ട! കണ്ണുകളിലേക്ക് ഉന്നം വെച്ച് വെടിയുതിര്‍ത്ത് ഇറാന്‍ സേന; സാധാരണ വേഷത്തില്‍ നുഴഞ്ഞുകയറി തലയ്ക്ക് പിന്നില്‍ വെടിവെക്കുന്ന 'ഷൂട്ടര്‍മാര്‍'; 400 പേര്‍ക്ക് കാഴ്ച പോയെന്ന് ഡോക്ടര്‍മാര്‍; മരുന്നും രക്തവും കിടക്കകളുമില്ലാതെ യുദ്ധക്കളം പോലെ ആശുപത്രികള്‍; ഇറാനിലെ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇറാനിലെ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ടെഹ്റാന്‍: ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സുരക്ഷാസേന കാട്ടിക്കൂട്ടുന്നത് സമാനതകളില്ലാത്ത ക്രൂരതകളെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധിക്കുന്നവരുടെ കാഴ്ചശക്തി എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സുരക്ഷാസേന അവരുടെ കണ്ണുകളിലേക്ക് ഉന്നം വെച്ച് വെടിയുതിര്‍ക്കുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഭരണകൂടം പുറത്തുവിടുന്ന മരണസംഖ്യയേക്കാള്‍ എത്രയോ മടങ്ങാണ് യഥാര്‍ത്ഥ കണക്കുകളെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സമാധാനപരമായ പ്രക്ഷോഭകര്‍ക്കിടയില്‍ സാധാരണ വേഷം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറി തൊട്ടടുത്തുവെച്ച് തലയ്ക്ക് പിന്നില്‍ വെടിയുതിര്‍ക്കുന്നതായും ആരോപണമുണ്ട്.
കണ്ണുകള്‍ പിഴുതെടുക്കുന്ന ക്രൂരത
ടെഹ്റാനിലെ ഒരു ആശുപത്രിയില്‍ മാത്രം 400-ലധികം പേര്‍ക്കാണ് വെടിയേറ്റ് കണ്ണിന് ഗുരുതര പരിക്കേറ്റത്. 'അവരുടെ കാഴ്ച നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത്,' ഒരു നേത്രരോഗ വിദഗ്ധന്‍ വെളിപ്പെടുത്തി. 'കണ്ണുകളിലും തലയിലുമാണ് വെടിവയ്ക്കുന്നത് ഒരു ഡോക്ടര്‍ വെളിപ്പെടുത്തി. പലര്‍ക്കും കണ്ണ് നീക്കം ചെയ്യേണ്ടി വരികയും പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വെറും വിരട്ടലല്ല, മറിച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെടിവെപ്പുകള്‍ നടക്കുന്നത്. 2022-ലെ പ്രതിഷേധങ്ങളില്‍ നടപ്പിലാക്കിയ അതേ കിരാത നടപടികളാണ് ഭരണകൂടം ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
യുദ്ധക്കളം പോലെ ആശുപത്രികള്‍
കഴിഞ്ഞ വ്യാഴാഴ്ച ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് പിന്നാലെ പരിക്കേറ്റവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. നിലവില്‍ ഇറാന്റെ മണ്ണിലെ ആശുപത്രികള്‍ യുദ്ധക്കളം പോലെയാണ്. വാര്‍ഡുകളില്‍ സ്ഥലമില്ലാത്തതിനാല്‍ കൊടും തണുപ്പിലും ആശുപത്രി മുറ്റത്ത് വെച്ചാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. രക്തമോ മതിയായ മരുന്നുകളോ ഇല്ലാത്ത അവസ്ഥയാണ്.
'മരുന്നില്ല, രക്തമില്ല, കിടക്കകളില്ല. ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഒഴിയുന്നതുവരെ ആരെ രക്ഷിക്കണം എന്ന് ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടി വരുന്നു. അതിജീവിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുന്ന ക്രൂരമായ അവസ്ഥയാണ്,' ഒരു ഡോക്ടര്‍ സിഎന്‍എന്നിനോട് (CNN) പറഞ്ഞു. പരിക്കേറ്റു കിടക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാസേന വാര്‍ഡുകളില്‍ നിരന്തരം കയറുന്നു. ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ പോലും ആക്രമിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീതിയുടെ നിഴലില്‍ ഒരു ജനത
ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 'ജീവിതം തളര്‍ന്നുപോയിരിക്കുന്നു. ആരും സുരക്ഷിതരല്ല. വിദേശങ്ങളില്‍ കേള്‍ക്കുന്ന പ്രതീക്ഷയുടെ വാര്‍ത്തകളൊന്നും ഇറാനിലെ ഉള്‍നാടുകളില്‍ ഇല്ല. എല്ലാവരും ഭീതിയിലും നിസ്സഹായതയിലുമാണ്,' അടുത്തിടെ രാജ്യം വിട്ട ഒരു ഡോക്ടര്‍ വെളിപ്പെടുത്തി.
മാധ്യമങ്ങള്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സാഹചര്യത്തിന്റെ ഒരു ശതമാനം പോലും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണ്. തെരുവുകളില്‍ കത്തിയമരുന്ന വാഹനങ്ങളും ചോരയില്‍ കുളിച്ചുകിടക്കുന്ന മനുഷ്യരും ഇറാന്റെ ഇന്നത്തെ നേര്‍ചിത്രമാണ്.
ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി പുറത്തുവിടുന്ന മരണസംഖ്യ 2,000 ആണെങ്കിലും യാഥാര്‍ത്ഥ്യം അതിനേക്കാള്‍ ഭീകരമാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 12,000-ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റെസ പഹ് ലവിയുടെ ഇടപെടലും അന്താരാഷ്ട്ര പ്രതികരണവും
പ്രതിഷേധങ്ങള്‍ക്ക് കരുത്തേകാന്‍ ഷാ ഭരണകൂടത്തിലെ മുന്‍ രാജകുടുംബാംഗം റെസ പഹ്ലവിയും രംഗത്തുണ്ട്. അതേസമയം, അമേരിക്കയും ഇസ്രായേലുമാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്ന് ഇറാന്‍ ആരോപിക്കുമ്പോള്‍, പ്രക്ഷോഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക രംഗത്തുണ്ട്. ഇറാന്‍ ഭരണകൂടം സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന ഈ ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


