ദുബായ്: യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തിന് ഇറാന്‍ ശക്തമായി തിരിച്ചടിച്ചതോടെ, ഗള്‍ഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്നു. ബഹ്റൈന്‍, കുവൈറ്റ്, അബുദബി, സൗദി എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദബിയില്‍ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മണ്ണില്‍ നടന്ന ആക്രമണങ്ങള്‍ 'വഞ്ചനാപരമെന്നാണ് ബഹ്‌റൈന്‍ ഭരണകൂടം വിശേഷിപ്പിച്ചത്. തങ്ങള്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്, ഉചിതമായ തീരുമാനമെടുക്കുമെന്നും ഭരണകൂടം പ്രഖ്യാപിച്ചു.

കുവൈറ്റിന് നേരേ വന്ന മൂന്നു മിസൈലുകള്‍ തടഞ്ഞു. ബഹ്‌റൈനില്‍, മനാമയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായി. ഖത്തറിലും ആക്രമണശ്രമമുണ്ടായി. എല്ലാ മിസൈലുകളും തകര്‍ത്തെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് യുഎഇ വ്യോമപാത അടച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് യുഎഇ ഭരണകൂടം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും നല്‍കി.

അബുദബിയിലും കുവൈറ്റിലും സ്‌ഫോടനങ്ങള്‍

യുഎഇ തലസ്ഥാനമായ അബുദബിയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചു. ഇവിടെയും യുഎസ് സൈനിക സാന്നിധ്യമുള്ള താവളങ്ങളുണ്ട്. കുവൈറ്റിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറിലെ ദോഹ ലക്ഷ്യമാക്കി വന്ന മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. ദോഹയിലെ അല്‍ ഉദൈദ് എയര്‍ ബേസ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രധാന ആസ്ഥാനമാണ്. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.

യുഎസ് അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ആക്രമണം

ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍ പടയുടെ (US Navy Fifth Fleet) ആസ്ഥാനവുമായി ബന്ധപ്പെട്ട സര്‍വീസ് സെന്ററിന് നേരെ ശനിയാഴ്ച മിസൈല്‍ ആക്രമണമുണ്ടായതായി ബഹ്റൈന്‍ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങുകയും പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് നാവിക സേനയുടെ ബഹ്റൈനിലെ താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

അമേരിക്കന്‍ അഞ്ചാം കപ്പല്‍ പടയുടെ (Fifth Fleet) സര്‍വീസ് സെന്ററിന് നേരെയാണ് യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ തൊടുത്തത്. ഈ ആക്രമണം ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്നും ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്നും ഈ ഘട്ടത്തില്‍ വ്യക്തമല്ല.

കുവൈത്തിലെ ജഹ്‌റയിലാണ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണശ്രമം നടന്നതായാണ് വിവരം. യുഎഇയിലെ അബുദാബിയിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചു.

'മിസൈല്‍ വ്യവസായത്തെ തകര്‍ക്കും': ഡൊണാള്‍ഡ് ട്രംപ്

ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയാന്‍ ഇസ്രായേലുമായി ചേര്‍ന്ന് വന്‍ സൈനിക നീക്കത്തിനാണ് തുടക്കമിട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 'ഇറാന്റെ മിസൈല്‍ വ്യവസായത്തെ ഞാന്‍ തകര്‍ക്കും' എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ സൈനികര്‍ ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ട്രൂത്ത് സോഷ്യലില്‍' (Truth Social) പങ്കുവെച്ച വീഡിയോയിലൂടെ ഇറാനില്‍ പ്രമുഖ പോരാട്ടങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

ഇറാനിയന്‍ പ്രത്യാക്രമണം

യുഎസ്-ഇസ്രായേല്‍ സംയുക്ത നീക്കത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. ഇസ്രായേലിലെ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാകുകയും ജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇറാനിലെ അഞ്ച് പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കിയാണ് നിലവില്‍ ആക്രമണം നടക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ അടച്ചിരിക്കുകയാണ്. മേഖലയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ജീവഹാനിയോ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു.