ഇരിക്കൂര്‍: നിയമലംഘനങ്ങള്‍ പതിവായി ആവര്‍ത്തിക്കപ്പെടുന്ന നാടാണ് കേരളം. മദ്യലഹരിയില്‍ വാഹനം ഓടിച്ച് ആളെ കൊന്നവരില്‍ ഉന്നത ഉദ്യോഗസ്ഥന്‍ വരെയുണ്ട്. ഇതിന് ശേഷവും കേരളത്തെ നടുക്കുന്ന അപകട മരണങ്ങള്‍ ഉണ്ടായി. അപ്പോഴൊക്കെ റോഡ് സുരക്ഷയെ കുറിച്ച് നമ്മള്‍ വാതോരാരെ സംസാരിക്കാറുണ്ട്. എന്നിട്ടും ഇതൊന്നും കാര്യമാക്കാതെ വീണ്ടും നിയമലംഘനങ്ങള്‍ തുടരും. ഇതാണ് കാലങ്ങളായി കേരളത്തില്‍ നടക്കുന്ന കാര്യം. ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ നാട്ടികയില്‍ ഉണ്ടായ ദുരന്തവും ഒരു നിയമലംഘനത്തില്‍ നിന്നാണ്.

അഞ്ച് പേരുടെ ജീവനെടുത്ത അപകടം വരുത്തിവെച്ചത് മദ്യലഹരിയില്‍ വാഹനം ഓടിച്ച ലോറി ഡ്രൈവറും ക്ലീനറുമായിരുന്നു. കണ്ണൂര്‍ സ്വദേശി ജോസും ക്ലീനര്‍ അലക്‌സുമാണ് നാട്ടികയിലെ ദുരന്തത്തിലെ വില്ലന്‍മാരുടെ സ്ഥാനത്ത്. കേരളത്തെ നടുക്കിയ ദുരന്തങ്ങളുടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അക്കൂട്ടത്തില്‍ ഇരിക്കൂറിലെ പെരുമണ്ണില്‍ ഉണ്ടായ ദുരന്തവുമുണ്ട്. 16 വര്‍ഷം മുമ്പ് നടന്ന ഈ ദുരന്തം അന്ന് മലയാളികളെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. കാരണം, അന്ന് മരിച്ചത് പത്ത് കുരുന്നു വിദ്യാര്‍ഥികളായിരുന്നു.

2008 ഡിസംബര്‍ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സ്‌കൂള്‍ വിട്ട് സംസ്ഥാന പാതയ്ക്കരികിലൂടെ നടന്ന് പോകുകയായിരുന്ന പെരുമണ്ണ് നാരായണ വിലാസം എഎല്‍പി സ്‌കൂളിലെ 10 വിദ്യാര്‍ഥികളാണ് വാഹനം ഇടിച്ചുകയറി മരിച്ചത്. 11 വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എ.സാന്ദ്ര, വി.പി.മിഥുന, എന്‍.വൈഷ്ണവ്, കെ.നന്ദന, പി.റംഷാന, പി.വി.അനുശ്രീ, പി.വി.അഖിന, പി.സോന, പി.കെ.കാവ്യ, കെ.സഞ്ജന എന്നിവരാണ് മരിച്ചത്. എല്ലാവരും ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍.

പിന്നിലൂടെയെത്തിയ ടെമ്പോ ട്രാക്‌സ് ക്രൂയിസറാണ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്. പിറകില്‍ നടന്നവരെയാണ് മരണം കവര്‍ന്നത്. ശേഷിച്ചതോ ചോരക്കറ പുരണ്ട് ചിതറിക്കിടന്ന സ്‌കൂള്‍ ബാഗുകളും ചെരിപ്പുകളും മാത്രമായിന്നു. ഒന്‍പത് കുട്ടികള്‍ സംഭവദിവസവും ഒരാള്‍ ഒന്‍പതാം ദിവസവുമാണ് മരിച്ചത്. ഒരാളൊഴികെ എല്ലാവരും പെണ്‍കുട്ടികളായിരുന്നു. അഞ്ചിനും എട്ടിനും ഇടയില്‍ പ്രായമുള്ളവര്‍.

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച മലപ്പുറം കടൂരിലെ എം.അബ്ദുള്‍ കബീറിനെതിരേ ഇരിക്കൂര്‍ പോലീസ് സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്കാണ് കേസെടുത്തത്. പിന്നീട് ചെങ്ങളവീട്ടില്‍ കൃഷ്ണവാരിയര്‍ എന്ന കര്‍ഷകന്‍ നല്‍കിയ സ്ഥലത്താണ് ഒന്‍പത് കുഞ്ഞുങ്ങള്‍ക്ക് അന്ത്യനിദ്ര ഒരുക്കിയത്. മറ്റൊരു കുട്ടിയെ പെടയങ്ങോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും അടക്കംചെയ്തു.

ഈ അപകടം വരുത്തിവെച്ച മലപ്പുറം സ്വദേശിയായ ഡ്രൈവര്‍ അബ്ദുല്‍ കബീറിനെ പിന്നീട് കോടതി പത്ത് വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. പത്ത് ലക്ഷ രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. തലശ്ശേരി ഒന്നാം അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഓരോ കുട്ടിയുടെയും മരണത്തിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് 2018ല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞത്.

അന്ന് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയത്. പില്‍ക്കാലത്ത് വിദ്യാര്‍ഥികളെ ഒരുമിച്ചു അടക്കിയ പ്രദേശത്ത് സ്മാരകവും പണിതിരുന്നു. പെരുമണ്ണ് സ്മൃതി മണ്ഡപം ഈ ദാരുണ അപകടത്തിന്റെ സ്മരണയായി നില്‍ക്കുകയാണ്.