ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് ഐ.എസ് തീവ്രവാദ സംഘടനയില്‍ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം എന്ന യുവതി ഇപ്പോള്‍ നരക ജീവിതം നയിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മരുഭൂമിയിലെ ഒരു ഭീകരമായ തടവറയില്‍ ദിവസങ്ങള്‍ എണ്ണി കഴിയുകയാണ് ബീഗം. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭവാനകളാണ് ഇവരുടെ ആകെ വരുമാനം. നാടായ യു.കെയിലേയ്ക്ക് എങ്ങനെയെങ്കിലും മടങ്ങി വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് ഇവര്‍. ബ്രിട്ടീഷ് പൗരത്വം നഷ്ടമായ ഷമീമ ഇപ്പോള്‍ ഒരു രാജ്യത്തേയും പൗരയല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.

അല്‍ റോജ് ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരഭിമുഖത്തില്‍ നിന്ന് ഷമീമ ഇറങ്ങിപ്പോയത് കഴിഞ്ഞയാഴ്ച വലിയ വാര്‍ത്തയായി മാറിയിരുന്നു. ബ്രിട്ടീഷ് പൗരത്വം തിരികെ ലഭിക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് ഇവര്‍. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലഘട്ടത്തിലാണ് ഷമീമ സിറിയയിലേക്ക് പോയത്. തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് സൗന്ദര്യ ചികിത്സയും ഇവര്‍ നടത്തുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്.

ബ്രിട്ടനിലേക്ക് തിരികെ വരാനുള്ള തന്റെ പ്രചാരണത്തിന് പൊതുജനപിന്തുണ നേടുന്നതിനായിട്ടാണ് ഈ സൗന്ദര്യ ചികിത്സ നടത്തുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. താന്‍ ജിഹാദിയല്ല പാശ്ചാത്യ് സംസ്്ക്കാരത്തെ അംഗീകരിക്കുന്ന വ്യക്തിയാണ് എന്ന് സ്ഥാപിക്കാനാണ് ഇതിലൂടെ ഷമീമ ലക്ഷ്യമിടുന്നത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഒരു കോട്ടയ്ക്കുള്ളിലെ ടെന്റുകള്‍ കൊണ്ട് നിറഞ്ഞ അങ്ങേയറ്റം ശോചനീയമായ നിലയിലുളള ഒരു ക്യാമ്പിലാണ് ഷമീമ താമസിക്കുന്നത്. ഇവിടുത്തെ സ്ഥിതിഗതികള്‍ ദയനീയമാണ് എന്നാണ് റെഡ്ക്രോസ് പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

സുഹൃത്തുക്കളും നാട്ടുകാരും അയയ്ക്കുന്ന പണം ഷമീമ മൊബൈല്‍ ഫോണ്‍ ടോപ്പ് അപ്പ് ചെയ്യാനും കളിപ്പാട്ടങ്ങള്‍, മേക്കപ്പ്, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങാനാണ് ഉപയോഗിക്കുന്നത്. ക്യാമ്പിന് പുറത്തുള്ള ഒരു മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും ബീഗത്തിനും മറ്റ് തടവുകാര്‍ക്കും അനുവാദമുണ്ട്. പണത്തിന് പുറമേ, ലണ്ടനിലെ അവരുടെ കുടുംബത്തില്‍ നിന്ന് വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും സ്വീകരിക്കാനും ഷമീമക്ക്് അനുവാദമുണ്ട്.

ബീഗത്തിന് വിശാലമായ ഒരു കൂടാരമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ 26 വയസ്സുള്ള ബീഗം, കിഴക്കന്‍ ലണ്ടനിലെ ബെത്‌നാല്‍ ഗ്രീനില്‍ ജനിച്ചു വളര്‍ന്നതിനുശേഷം 2015 ല്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി. പിന്നീട് ഡച്ച് ഇസ്ലാമിക മതപരിവര്‍ത്തനം നടത്തിയ യാഗോ റീഡിജിക്കിന്റെ ബാലവധുവായി അവര്‍ മാറി. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെല്ലാം ശിശുക്കളായിരിക്കെ മരിച്ചു.2019 ല്‍ ബ്രിട്ടന്‍ ഷമീമയുടെ പൗരത്വം റദ്ദാക്കിയിരുന്നു.

കദീസ സുല്‍ത്താന, അമീറ അബേസ് എന്നീ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഷമീമക്ക് ഒപ്പം സിറിയയിലേക്ക് പോകുന്നത്. ഇവരില്‍ സുല്‍ത്താന ഒരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. അബേസ് ഇപ്പോഴും എവിടെയാണെന്ന് അറിയില്ല.