- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി; സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു; വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രതിരോധസേന. ഗാസയിലുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെ വെടിവയ്പ്പ് നിര്‍ത്തിയതായും മുന്‍കൂട്ടി സമ്മതിച്ച സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു.
ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും മറവിലാണ് പിന്‍വാങ്ങല്‍ നടന്നതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കേണ്ടി വരും. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും.
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ മോചിപ്പിക്കാനിരിക്കുന്ന ഫലസ്തീന്‍ സുരക്ഷാ തടവുകാരുടെ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രായേലില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം. കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. 'തങ്ങളുടെ കഴുത്തില്‍ വാള്‍ മുറുകുന്നു എന്ന് തോന്നിയപ്പോള്‍ മാത്രമാണ് ഹമാസ് കരാറിന് സമ്മതിച്ചത്, അത് ഇപ്പോഴും അവരുടെ കഴുത്തിലുണ്ട്' നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നിലവിലെ ഘട്ടത്തില്‍, തങ്ങള്‍ ബന്ദികളെ മോചിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന ഗാസ സാമാധാന കരാറിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍, ഹമാസ് തടവിലാക്കിയിരിക്കുന്ന ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കല്‍, പലസ്തീന്‍ തടവുകാരടക്കമുള്ളവരെ കൈമാറല്‍ എന്നിവയാണ് കരാറിലുള്ളത്. പദ്ധതിയുടെ രൂപരേഖ ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ഗാസ ആര് ഭരിക്കും, ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
വെടിനിര്‍ത്തല്‍ കരാറിന് അനുസൃതമായി സതേണ്‍ കമാന്‍ഡിലെ സൈനികര്‍ സ്ഥാനം മാറ്റുന്നുണ്ടെന്നും ഏതെങ്കിലും അടിയന്തര ഭീഷണി തടയാന്‍ ജാഗ്രത പാലിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഗാസ സിറ്റിയുടെയും ഖാന്‍ യൂനിസിന്റെയും ചില ഭാഗങ്ങളില്‍ നിന്ന് കവചിത വാഹനങ്ങളും സൈനികരും പിന്‍വാങ്ങുന്നത് കണ്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിക്കുകയും വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം നിലവില്‍ വന്നതോടും കൂടി, ഗാസയില്‍ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് പലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.