ടെഹ്‌റാൻ: പശ്ചിമേഷ്യയെ തന്നെ ഒന്നടങ്കം നടുക്കി കൊണ്ടായിരുന്നു ഇറാൻ- ഇസ്രായേൽ സംഘർഷം തുടങ്ങിയത്. ഇതിന്റെ ഭാഗമായി നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഒരു അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ തന്നെ പകൽ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ടെഹ്‌റാൻ നഗരമാണ് ആദ്യം കാണുന്നത്. റോഡിൽ തിക്കും തിരക്കും കൂട്ടുന്ന വാഹനങ്ങൾ.

പെട്ടെന്നായിരുന്നു ഏവരെയും നടുക്കി ഉഗ്ര സ്ഫോടനം നടന്നത്. ഒന്ന് ഓടി രക്ഷപ്പെടാൻ പോലും സാധിച്ചില്ല. നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി. കാറുകൾ അടക്കം ആകാശത്തേക്ക് ചിന്നി ചിതറി. ഉടനെ പ്രദേശം പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞു. ഇസ്രയേലിന്റെ വാൾ മുന ടെഹ്‌റാന്റെ നെഞ്ചത്ത് വീണ നിമിഷം തന്നെയായിരിന്നു അത്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഓപ്പറേഷന്‍ 'റൈസിങ് ലയണി'ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഇറാനിയന്‍ മാധ്യമം തന്നെയാണ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്‌റാന്‍ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കാറുകളടക്കമുള്ളവ കെട്ടിടങ്ങളുടെ ഉയരത്തിൽ തെറിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണം എന്ന വിധത്തിലാണ് വ്യാഴാഴ്ച വീഡിയോ പുറത്തുവന്നത്. തെരുവിലെ രണ്ടിടങ്ങളിലായി സെക്കന്‍ഡ് വ്യത്യാസത്തില്‍ നടക്കുന്ന ഉഗ്രസ്‌ഫോടനമാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ആദ്യം ഒരു കെട്ടിടത്തിലും പിന്നീട് ഒരു വാഹന പാര്‍ക്കിങ് പ്രദേശത്തുമാണ് സ്‌ഫോടനം ഉണ്ടായത്. നാശനഷ്ടത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

സ്‌ഫോടനം നടന്ന ആഘാതത്തില്‍ കാറുകൾ അടക്കം ഉയരത്തിലേക്ക് തെറിച്ച് ചിന്നിച്ചിതറി താഴേക്ക് വീഴുന്നുണ്ട്. സ്‌ഫോടനം നടക്കുന്ന സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കാല്‍നടയാത്രക്കാരടക്കമുള്ള തിരക്കേറിയ നഗരഭാഗത്താണ് സ്‌ഫോടനം നടന്നതെന്നതിനാല്‍ ആള്‍നാശം സംഭവിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്‌ഫോടനശേഷം ചുറ്റും പുകപടലങ്ങള്‍ കൊണ്ട് നിറയുന്നതും കാണാം.

അതേസമയം, പൈപ്പ്‌ലൈനുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ച മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ജൂണ്‍ 13-നാണ് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടങ്ങിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ തുടക്കമിട്ട സംഘര്‍ഷം 12 ദിവസത്തോളം നീണ്ടുനിന്നു. ഇരുരാജ്യങ്ങളിലും ആള്‍നാശമുള്‍പ്പെടെ വലിയ നഷ്ടങ്ങളാണ് ഉണ്ടയത്.