ന്യൂഡൽഹി: ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ എതിർപ്പിനിടെയും ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാം.

ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് 2021ൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കേന്ദ്രം നിയമിക്കുന്ന, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സമിതി മൂന്നു മാസത്തിനകം നിലവിൽ വരും. ഇതിൽ ചെയർപഴ്‌സൻ അടക്കം മൂന്നു സ്ഥിരം അംഗങ്ങളാകും ഉണ്ടാവുക. അതോടൊപ്പം വിദഗ്ധരുടെ സഹായവും സമിതി തേടും.

സമൂഹമാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് രൂപീകരിച്ചിരിക്കുന്ന പരാതി പരിഹാര സംവിധാനങ്ങളുടെ തീർപ്പുകളിൽ പരാതിക്കാരന് അസംതൃപ്തിയുണ്ടെങ്കിൽ സർക്കാർ സമിതിയെ സമീപിക്കാം. പരാതി നൽകി 30 ദിവസം കൊണ്ട് നടപടി സ്വീകരിച്ചു തീരുമാനമുണ്ടാകുമെന്നും ഭേദഗതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളായ ഫേസ്‌ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയവയ്ക്ക് ഇന്ത്യയിലെ നിയമങ്ങൾ പൂർണമായും ബാധകമാണ് എന്നും പുതിയ ചട്ടം നിർദേശിക്കുന്നു.

വർഷത്തിലൊരിക്കൽ സമൂഹമാധ്യമങ്ങൾ അവരുടെ ചട്ടങ്ങൾ, സ്വകാര്യതാ നയം, യൂസർ എഗ്രിമെന്റ്, അതിൽ വരുന്ന മാറ്റങ്ങൾ എന്നിവ ഉപയോക്താവിനെ അറിയിച്ചിരിക്കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെ (14,19, 21 അനുഛേദങ്ങൾ) മാനിക്കണം. അപ്ലറ്റ് കമ്മിറ്റിയുടെ ഉത്തരവുകൾ നടപ്പാക്കിയശേഷം ആ വിവരം സമൂഹമാധ്യമങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന കാര്യം.

പുതിയ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരാതി പരിഹാര സമിതി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ സാമൂഹിക മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. സ്വതന്ത്ര പ്രവർത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകൾ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം.

സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഐ ടി നിയമ ഭേദഗതി സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പ് എന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാരും സാമൂഹിക മാധ്യമ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ നിയമങ്ങൾക്ക് കീഴിൽ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുന്നത് എന്ന് ഐടി മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു.

നിലവിൽ സാമൂഹിക മാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. കമ്പനികൾ പരാതികൾ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തിൽ കമ്പനികൾ പരിഹാരം കാണണമെന്നും ഭേദഗതിയിൽ പറയുന്നു. ഇത്തരം സംവിധാനങ്ങളിൽ വരുന്ന തീർപ്പുകളിൽ പരാതിക്കാരന് തൃപ്തിയില്ലെങ്കിൽ സർക്കാർ നിയമിച്ച സമിതിയെ സമീപിക്കാം.