മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രശ്നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിര്‍ദേശിച്ച പേരുകള്‍ ഇല്ലാത്തതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്.

അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതില്‍ ശശി തരൂരിനോടുള്ള അതൃപ്തി പ്രകടമാക്കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ തരൂര്‍ കൂട്ടുനിന്നുവെന്നും പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി വെട്ടുകയാണെന്നും എഐസിസി വിലയിരുത്തിയിട്ടുണ്ട്. ാര്‍ട്ടിയെ കൊണ്ട് അച്ചടക്ക നടപടി എടുപ്പിക്കാനാണ് തരൂരിന്റെ നീക്കമെന്നും നയതന്ത്ര പദവി ലക്ഷ്യമിട്ടാണ് നിലവിലെ പ്രതികരണങ്ങളെന്നും എഐസിസിയുടെ നിഗമനം.

അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനിടയിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തലത്തിലേക്ക് കോണ്‍ഗ്രസ് താഴില്ലെന്നും കോണ്‍ഗ്രസിന്റെ അഞ്ച് നേതാക്കളും സംഘത്തിന്റെ ഭാഗമാകുമെന്നും ജയറാം രമേശ് വ്യക്തമാക്കി. എന്നാല്‍ അനുഭവപരിചയവും പദവികളും പരിഗണിച്ചാണ് കോണ്‍ഗ്രസ് സംഘാംഗങ്ങളെ തിരഞ്ഞെടുത്തെതന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കുന്ന സംഘത്തെ ശശി തരൂരാണ് നയിക്കുന്നത്. സംഘം യുഎസ്എ, പനാമ, ബ്രസീല്‍, കൊളംബിയ, ഗുയാന രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലാണ് ജോണ്‍ ബ്രിട്ടാസുള്ളത്. ഈജിപ്ത്, എത്യോപ്യ, ഖത്തര്‍, സൗത്ത് ആഫ്രിക്ക സംഘത്തില്‍ വി.മുരളീധരന്‍നും ഇ.ടി. മുഹമ്മദ് ബഷീര്‍ യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോണ്‍ സംഘത്തിലും ഇടംപിടിച്ചു. അടുത്തയാഴ്ചയോടെയാണ് സംഘത്തിന്റെ സന്ദര്‍ശനത്തിന് തുടക്കമാകുക. ഓരോ സംഘത്തിന്റെയും സന്ദര്‍ശനം 10 ദിവസംവരെ നീളും. പുറപ്പെടും മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.