- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയദശമി ദിനത്തില്‍ ഗണവേഷം ധരിച്ച് മുഴുവന്‍ സമയ ആര്‍ എസ് എസുകാരനാകാന്‍ മുന്‍ ഡിജിപി; ജേക്കബ് തോമസിന്റെ പഥസഞ്ചലന പ്രഖ്യാപനം സേവനത്തിന് നല്ലത് ആര്‍ എസ് എസ് എന്ന വിശദീകരണവുമായി; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്; മോഹന്‍ ഭാഗവതിന്റെ അച്ഛനെ മാതൃകയാക്കി പരിവാറില്‍ നിറയാന്‍ ഐപിഎസുകാരന്
തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ് ജേക്കബ് തോമസ്. പൊലീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. ആര്‍ എസ് എസ് ശതാബ്ദി വര്‍ഷത്തിലാണ്. ഈ ആഘോഷത്തിനിടെ നടക്കുന്ന വിജയദശമി പഥസഞ്ചലനത്തിലാകും ജേക്കബ് തോമസ് ഗണവേഷം അണിയുക.
ജേക്കബ് തോമസ് ബി.ജെ.പിയില്‍ എത്തിയതും ആര്‍ എസ് എസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു.സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത്. 2019ല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സര്‍വീസില്‍ നിന്നു സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് ആദ്യം സഹകരിച്ചത് ട്വിന്റി-ട്വിന്റിയുമായാണ്. പിന്നീട് ബിജെപിയില്‍ എത്തുകയായിരുന്നു. ആര്‍.എസ്.എസുമായി 23 വര്‍ഷമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 2019ല്‍ തന്നെ പ്രതികരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആര്‍.എസ്.എസ് എന്നും കേരളത്തിലെ പലര്‍ക്കും അതിനോട് തൊട്ടുകൂടായ്മയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ വെച്ചാണ് വിജയദശമി ദിനത്തിലെ പദസഞ്ചലനം സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം അവരുടെ സ്ഥാപക ദിനമായി കണക്കാക്കുന്ന, വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് വിജയദശമി ദിനാചരണം. ഈ പരിപാടിയില്‍ ജേക്കബ് തോമസ്, ആര്‍എസ്എസിന്റെ വെള്ള ഷര്‍ട്ടും ബ്രൗണ്‍ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ച് പങ്കെടുക്കും.
സാധാരണ രീതിയില്‍ അവിവാഹിതരാണ് ആര്‍ എസ് എസ് പ്രചാരകന്മാരാവുക. അവര്‍ക്ക് കുടുംബം പാടില്ലെന്നതാണ് തത്വം. എന്നാല്‍ അറുപത് വയസ്സ് കഴിഞ്ഞ കുടുംബസ്ഥര്‍ക്കും വാനപ്രസ്ഥ പ്രചാരകന്മാരാകാന്‍ കഴിയും. കുടുംബത്തിന് നല്ല ഭദ്രതയുള്ളവരെയാണ് വാനപ്രസ്ഥ പ്രചാരകരാകാന്‍ ആര്‍ എസ് എസ് അവസരമൊരുക്കാറുള്ളത്. ഇതേ രീതിയില്‍ ജേക്കബ് തോമസിനും പ്രചാരകനാകാന്‍ കഴിയും. നിലവിലെ സര്‍ സഘചാലക് മോഹന്‍ ഭാഗവതിന്റെ അച്ഛന്‍ മധുകര്‍ റാവു ഭാഗവതും ഇത്തരത്തില്‍ വാനപ്രസ്ഥ പ്രചാരകനായിരുന്നു. വിവാഹത്തിന് മുമ്പ് മധുകര്‍ റാവു ഭാഗവത് ആര്‍ എസ് എസ് പ്രചാരകനായിരുന്നു. മുഴുവന്‍ സമയ പ്രചാരക പദവി വിട്ട് കുടുംബ ജീവിതത്തിലേക്ക് മാറി. അതിന് ശേഷം പിന്നീട് ആര്‍ എസ് എസില്‍ മുഴുവന്‍ സമയ പ്രചാരകനുമായി. അന്ന് എഴുപതു വയക്ക് മധുകര്‍ റാവുവിന് പിന്നിട്ടിരുന്നു.
'1996ല്‍ ഡല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആര്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടിയല്ല, സന്നദ്ധ സംഘടനയാണ്. ആ പേര് കേള്‍ക്കുമ്പോഴേ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. അത് പരിഹരിക്കാനായി ശ്രമിക്കും' - ഇതായിരുന്നു ജേക്കബ് തോമസ് അന്ന് പറഞ്ഞത്. പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിച്ചു. ഇരിങ്ങാലക്കുടയില്‍ അന്ന് വലിയ തോതില്‍ വോട്ടുയര്‍ത്തുകയും ചെയ്തു ബിജെപി സ്ഥാനാര്‍ത്ഥിയായ ജേക്കബ് തോമസ്. ഇതിന് കാരണവും ആര്‍ എസ് എസിന്റെ ചിട്ടയായ ഇടപെടലായിരുന്നു. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ബി.ജെ.പി പ്രവേശത്തോടെ കേരളത്തില്‍ ബി.ജെ.പിയില്‍ ചേരുന്ന മുന്‍ പോലീസ് ഉദ്യോ?ഗസ്ഥരുടെ എണ്ണം മൂന്നായി മാറിയിട്ടുണ്ട്. മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന കേരളാ പോലീസ് മേധാവികള്‍.
2017ലാണ് ടി.പി.സെന്‍കുമാറും ബി.ജെ.പിയുമായി അടുക്കുന്നത്. ആ വര്‍ഷം ജൂണ്‍ 30-ന് സര്‍വീസില്‍ നിന്ന് വിരമിച്ചതോടെയാണിത്. അന്ന് ബി.ജെ.പി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇതിനുപിന്നാലെ മറ്റൊരു ബി.ജെ.പി നേതാവായ എം.ടി.രമേശ് മുന്‍ ഡി.ജി.പിയെ വീട്ടിലെത്തി കാണുകയുംചെയ്തു. ഈ ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയായി സെന്‍കുമാര്‍ ബി.ജെ.പി പാളയത്തിലെത്തി. പാര്‍ട്ടി പ്രവേശനത്തിനുപിന്നാലെ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സെന്‍കുമാറിന്റെ പേര് ഇടംപിടിച്ചിരുന്നു. 2021-ലാണ് മറ്റൊരു പോലീസ് മേധാവിയായിരുന്ന ജേക്കബ് തോമസ് ബി.ജെ.പി അംഗത്വമെടുത്തത്. തൃശ്ശൂരില്‍ ജെ.പി നഡ്ഡ പങ്കെടുത്ത സമ്മേളനത്തില്‍വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി അം?ഗത്വമെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച് 33,685 വോട്ട് നേടുകയും ചെയ്തു. അതിന് മുമ്പേ ആര്‍ എസ് എസുമായി വേദി പങ്കിടല്‍ തുടങ്ങിയിരുന്നു ജേക്കബ് തോമസ്.
ജനങ്ങള്‍ക്കായി, തന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോധ്യമായപ്പോള്‍, തന്റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോള്‍, തന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബി.ജെ.പിയെ തിരഞ്ഞെടുത്തതെന്നാണ് രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് അന്ന് ജേക്കബ് തോമസ് അന്ന് പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രചാരകനാകാനുള്ള ജേക്കബ് തോമസിന്റെ നീക്കം.