തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള യുഎന്‍എയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കാണ്. ഭരണകക്ഷിക്ക് കടുത്ത മുന്നറിയിപ്പാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ)സംഘടന നല്‍കിയതും. സംസ്ഥാനത്തെ നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നേ് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.

കേരളത്തില്‍ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള കരുത്ത് നഴ്സുമാര്‍ക്കുണ്ടെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ നഴ്സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരന് വിലയുള്ള ഒരേയൊരു കാലഘട്ടം തിരഞ്ഞെടുപ്പ് സമയമാണെന്നും, ഈ ശക്തി ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ ഓര്‍മ്മിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ പത്തനംതിട്ടയിലെ നഴ്സുമാരുടെ കരുത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ മന്ത്രിക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2016-ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. 2023ല്‍ ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു. സ്വകാര്യ ആശുപത്രികളില്‍ കോടികളുടെ നിക്ഷേപം വരുന്നുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍, അവിടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്ന് ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കേരളത്തിലെ ആരോഗ്യമേഖല സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പും യുഎന്‍എ നല്‍കി. 'ഞങ്ങള്‍ പണിമുടക്കിയാല്‍ വെന്റിലേറ്ററിലുള്ള രോഗികളെപ്പോലും പരിചരിക്കാന്‍ ആരോഗ്യ മന്ത്രി നേരിട്ട് വരേണ്ടി വരും' എന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച സമരം പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.

അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണം എന്നത് അടക്കമുള്ള ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പതിനായിരക്കണക്കിന് നഴ്സുമാരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. പണിമുടക്കിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് നഗരത്തെ പ്രക്ഷോഭക്കടലാക്കി മാറ്റി.

രാവിലെ ഒന്‍പതു മണിയോടെ തന്നെ പാളയം രക്തസാക്ഷി മണ്ഡപവും പരിസരവും നഴ്സുമാരെക്കൊണ്ട് നിറഞ്ഞു. ജനബാഹുല്യം കാരണം പിന്നീട് പ്രതിഷേധക്കാരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ നിന്നായി നഴ്സുമാര്‍ സമരത്തില്‍ അണിനിരന്നു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണ് നഴ്സുമാര്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരമായി നീങ്ങിയത്. 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഇന്നു ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത്.

മണിക്കൂറുകളോളം ജോലി ചെയ്തിട്ടും അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നതാണ് നഴ്സുമാരുടെ പ്രധാന പരാതി. 'ഞങ്ങള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു, എന്നാല്‍ അതിനനുസരിച്ചുള്ള ശമ്പളം മാനേജ്‌മെന്റുകള്‍ നല്‍കുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സമരങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല,' സമരത്തിനെത്തിയ നഴ്സുമാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ദിവസവേതനം 1333 രൂപയായി ഉയര്‍ത്തുക എന്നതാണ പ്രധാന ആവശ്യം. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി പരിഷ്‌കരിക്കണം. 2018ന് ശേഷം ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു.