- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെയ്ഡ് ഐഡികളിലൂടെ മാനേജ്‌മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ; ഗുണ്ടാ ആക്രമണങ്ങളെയും, അറസ്റ്റും, ജയിലും, ആരോപണങ്ങളും എല്ലാം മറികടന്നാണ് ഈ പ്രസ്ഥാനം 15 വര്‍ഷം മുന്നോട്ട് പോയത്; ചരിത്രം കുറിച്ച സമര സമ്മേളനത്തിന് പിന്നാലെ യുഎന്‍എക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചു ജാസ്മിന്‍ ഷാ
പെയ്ഡ് ഐഡികളിലൂടെ മാനേജ്‌മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്നലെ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിന്റെ ഭാഗമായത്. വന്‍തോതില്‍ മാധ്യമശ്രദ്ധ ലഭിച്ച പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതായിരുന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി റിപ്പോര്‍ട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പൂര്‍ണമായും നടപ്പിലാക്കുക, വീരകുമാര്‍ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്സിങ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ നടപ്പിലാക്കുക, എന്‍എച്ച്എം, പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയില്‍ നടപ്പിലാക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങള്‍ നടപ്പിലാക്കുക, സ്റ്റാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎന്‍എയുടെ മറ്റ് ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ യുഎന്‍എക്കും സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. സംഘടനക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അതേസമയം ഈ വിമര്‍ശനങ്ങള്‍ക്ക മറുപടിയുമായി ജാസ്മിന്‍ ഷാ രംഗത്തുവന്നു. പെയ്ഡ് ഐഡികളിലൂടെ മാനേജ്‌മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ ഗുണ്ടാ ആക്രമണങ്ങളെയും, അറസ്റ്റും, ജയിലും, ആരോപണങ്ങളും എല്ലാം മറികടന്നാണ് ഈ പ്രസ്ഥാനം 15 വര്‍ഷം മുന്നോട്ട് പോയത് എന്ന് ജാസ്മിന്‍ ഷാ ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയരേ,
തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു അധികാരിവര്‍ഗത്തിനും കഴിയില്ല എന്നത് നാം ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പോവുകയാണ്.ഈ സമരത്തില്‍ ഉജ്ജ്വലമായി പോരാടുന്ന എന്റെ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍... പെയ്ഡ് ഐഡികളിലൂടെ മാനേജ്‌മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ ഗുണ്ടാ ആക്രമണങ്ങളെയും, അറസ്റ്റും, ജയിലും, ആരോപണങ്ങളും എല്ലാം മറികടന്നാണ് ഈ പ്രസ്ഥാനം 15 വര്‍ഷം മുന്നോട്ട് പോയത്.
13 ജില്ലകളില്‍ എതിരാളികളില്ലാത്ത പ്രസ്ഥാനമായി നാം വളര്‍ന്നതും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വിശ്വാസം ഈ സംഘടന നേടിയെടുത്തത് ഒരു സുപ്രഭാതത്തില്‍ അല്ല എന്നത് വിമര്‍ശകര്‍ തിരിച്ചറിയുക. സംഘടനയുടെ മുഴുവന്‍ പോരാളികളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നാം വിജയിക്കുക തന്നെ ചെയ്യും.
യുഎന്‍എയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സര്‍ക്കാറിന് കടുത്ത മുന്നറിയിപ്പാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) നല്‍കിയത്. സംസ്ഥാനത്തെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നേ് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു. കേരളത്തില്‍ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള കരുത്ത് നഴ്‌സുമാര്‍ക്കുണ്ടെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു.
വരുന്ന തിരഞ്ഞെടുപ്പില്‍ നഴ്‌സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരന് വിലയുള്ള ഒരേയൊരു കാലഘട്ടം തിരഞ്ഞെടുപ്പ് സമയമാണെന്നും, ഈ ശക്തി ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ ഓര്‍മ്മിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ പത്തനംതിട്ടയിലെ നഴ്‌സുമാരുടെ കരുത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ മന്ത്രിക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2016-ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. 2023ല്‍ ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു. സ്വകാര്യ ആശുപത്രികളില്‍ കോടികളുടെ നിക്ഷേപം വരുന്നുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍, അവിടെ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്ന് ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കേരളത്തിലെ ആരോഗ്യമേഖല സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പും യുഎന്‍എ നല്‍കി. 'ഞങ്ങള്‍ പണിമുടക്കിയാല്‍ വെന്റിലേറ്ററിലുള്ള രോഗികളെപ്പോലും പരിചരിക്കാന്‍ ആരോഗ്യ മന്ത്രി നേരിട്ട് വരേണ്ടി വരും' എന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച സമരം പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.


