- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയില്ല'; ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതില്‍ വിമര്‍ശനം കടുത്തതോടെ മറുപടിയുമായി ജെ ഡി വാന്‍സ്; തനിക്കെതിരായ വിമര്‍ശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു യുഎസ് വൈസ് പ്രസിഡന്റ്
'അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയില്ല'
വാഷിങ്ടണ്‍: യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സിന്റെ മതമാണ് കുറച്ചു ദിവസമായി അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വിഷയം. ഹിന്ദു വിശ്വാസിയായ ഉഷ ക്രൈസ്തവ മതത്തിലേക്ക് മാറുമെന്നാണ് കരുതുന്നതെന്ന് വാന്‍സ് പറഞ്ഞതില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനം കടുത്തതോടെ രൂക്ഷപ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് രംഗത്തുവന്നു. ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും മതം മാറാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വംശജയും ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്നവളുമായ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതിന് വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വിശദീകരണം. എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ തനിക്കെതിരായ വിമര്‍ശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു. തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം വ്യക്തിപരമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ അത് ഒഴിവാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേകവിഭാഗത്തില്‍നിന്ന് താല്‍ക്കാലിക അംഗീകാരം നേടുന്നതിനായി സ്വന്തം ഭാര്യയുടെ മതത്തെ പരസ്യമായി തള്ളിപ്പറയുന്നത് വിചിത്രമാണെന്ന് വാന്‍സിനെ വിമര്‍ശിച്ചുള്ള എക്‌സിലെ പ്രത്യേക പോസ്റ്റിന് മറുപടിയായി വാന്‍സ് മൂന്ന് കാര്യങ്ങളിലൂടെ സ്വയം വിശദീകരിച്ചു. ഒന്നാമതായി, എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം എന്റെ ആശയങ്ങളോട് യോജിക്കാത്ത ഒരാളില്‍ നിന്നായിരുന്നു. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്, ആളുകള്‍ക്ക് ആകാംക്ഷയുണ്ടാകും, ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല'', വാന്‍സ് കുറിച്ചു. സുവിശേഷം മനുഷ്യര്‍ക്ക് നല്ലതാണെന്ന് തനിക്കറിയാവുന്നത് ക്രിസ്തുമതത്തിലൂടെയാണെന്ന് വാന്‍സ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വിശ്വാസത്തിലേക്ക് വീണ്ടും ഇടപഴകാന്‍ പ്രോത്സാഹിപ്പിച്ചത് ഭാര്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അവള്‍ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതികളുമില്ല. എന്നാല്‍ ഒരു മിശ്രവിവാഹത്തിലോ അല്ലെങ്കില്‍ ഏതൊരു മിശ്രബന്ധത്തിലോ ഉള്ള പലരെയും പോലെ, അവളും ഒരുനാള്‍ ഞാന്‍ കാണുന്നതുപോലെ കാര്യങ്ങള്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. ആ പോസ്റ്റിനെ അദ്ദേഹം അപലപിക്കുകയും അത് മതഭ്രാന്ത് നിറഞ്ഞതാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
'അതെ, ക്രിസ്ത്യാനികള്‍ക്ക് വിശ്വാസങ്ങളുണ്ട്. അതെ, ആ വിശ്വാസങ്ങള്‍ക്ക് പല അനന്തരഫലങ്ങളുമുണ്ട്, അതിലൊന്ന് ഞങ്ങള്‍ അത് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. അത് തികച്ചും സാധാരണമായ ഒരു കാര്യമാണ്, അങ്ങനെയല്ലെന്ന് നിങ്ങളോട് പറയുന്ന ആര്‍ക്കും ഒരു പ്രത്യേക അജണ്ടയുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാന്‍സിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് എക്‌സില്‍ ഇപ്പോള്‍ ലഭ്യമല്ല.
ബുധനാഴ്ച മിസിസിപ്പിയില്‍ നടന്ന ടേണിങ് പോയിന്റ് യുഎസ്എ പരിപാടിയില്‍ വാന്‍സ് സംസാരിച്ചത് ഇപ്രകാരമായിരുന്നു. 'ഇപ്പോള്‍, മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയില്‍ വരും. ഞാന്‍ അവളോട് പറഞ്ഞിട്ടുള്ളതുപോലെ, പരസ്യമായി പറഞ്ഞിട്ടുള്ളതുപോലെ, എന്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നില്‍ ഞാന്‍ ഇപ്പോള്‍ പറയുന്നതുപോലെ - പള്ളിയില്‍ വെച്ച് എന്നെ സ്പര്‍ശിച്ച അതേ കാര്യം അവളെയും ഒരുനാള്‍ സ്പര്‍ശിക്കുമെന്ന് ഞാന്‍ ആത്മാര്‍ഥമായി അത് ആഗ്രഹിക്കുന്നു, കാരണം ഞാന്‍ ക്രിസ്തീയ സുവിശേഷത്തില്‍ വിശ്വസിക്കുന്നു, എന്റെ ഭാര്യയും ഒരുനാള്‍ അത് അതേ രീതിയില്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
ആരാണ് ഉഷ വാന്‍സ്?
ഉഷ ചിലുകുറി എന്നാണ് യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ആണ് സ്വദേശം. ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തില്‍നിന്നാണ് ഉഷയുടെ വരവ്. സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ബാല്യകാലം. യെയ്ല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. നിയമത്തിന്റെ വഴിയേ പോകാനായിരുന്നു പിന്നീട് ഉഷയുടെ തീരുമാനം. തിരഞ്ഞെടുത്ത വഴി തെറ്റിയില്ലെന്ന് ഉഷ തെളിയിക്കുകയായിരുന്നു പിന്നീട്. സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിനും ബ്രെറ്റ് കവനോവിനുമൊപ്പം ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. കരിയറിന്റെ തുടക്കത്തില്‍ത്തന്നെയായിരുന്നു ഈ പ്രവര്‍ത്തനപരിചയം എന്നതാണ് ഏറെ ശ്രദ്ധേയം.
യെയ്ല്‍ ലോ സ്‌കൂളില്‍വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ല്‍ വിവാഹത്തില്‍ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവര്‍ ഈ സമയം. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയില്‍ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ ജെ.ഡി. വാന്‍സിനെ സഹായിക്കുന്നതില്‍ ഉഷ ഒരു പ്രധാന പങ്കുവഹിച്ചു. ഇതുപിന്നീട് വാന്‍സിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജിയുടെ അടിത്തറയായി. ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് 2020-ല്‍ ഇതേപേരില്‍ ഒരു സിനിമയും ഇറക്കി.
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തില്‍ അറിവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് അമേരിക്കക്കാരനായ വ്യവസായിയും ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന എ.ഐ. മാഡിസണായിരുന്നു. ഉഷ വാന്‍സ് വളരെ പ്രഗത്ഭയായ അഭിഭാഷകയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളുമാണെന്നും അവരുടെ ഭര്‍ത്താവ് ട്രംപിന്റെ ടീമിലേക്ക് യുവത്വവും വൈവിധ്യവും കൊണ്ടുവരുന്നുവെന്നുമാണ് മാഡിസണ്‍ പറഞ്ഞത്.




