കല്‍പ്പറ്റ: ജീവിതം തന്നെ തകര്‍ത്ത ഉരുള്‍പൊട്ടലിന് പിന്നാലെയും ദുരന്തം വിട്ടൊഴിയാതെ ചൂരല്‍മല സ്വദേശിനി ശ്രുതി.വയാനാട് ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ കുടുംബത്തെയാകെ ദുരന്തം കവര്‍ന്നപ്പോള്‍ തനിച്ചായിപ്പോയതാണ് ശ്രുതി.പക്ഷെ അപ്പോഴും വര്‍ഷങ്ങളായി പ്രണയിച്ച് വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സണ്‍ ശ്രുതിയെ ചേര്‍ത്ത് പിടിക്കുകയായിരുന്നു.എന്നാലിപ്പോഴിത മറ്റൊരു ആഘാതം കൂടി ഈ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുകയാണ്.ഇന്നലെ വൈകീട്ട് വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ജെന്‍സണ്‍.

സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഉള്‍പ്പെട്ട ശ്രുതിയെയും ജെന്‍സണിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെന്‍സണെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.ജെന്‍സണിന് തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്.മുഖത്ത് പൊട്ടലുണ്ട്. കാലിന് ഒടിവുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ജെന്‍സന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമാണ്. തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ് യുവാവുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം.ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന'ബട്ടര്‍ഫ്ലൈ' എന്ന ബസുമാണ് കൂട്ടിയിടിച്ചത്.കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെന്‍സണും ശ്രുതിയും. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്ടമായ ചൂരല്‍മല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരന്‍ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍,ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനില്‍കുമാര്‍, അനൂപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.അപകടത്തെത്തുടര്‍ന്ന് വാനില്‍ കുടുങ്ങിയവരെ കല്പറ്റയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ജെന്‍സണായിരുന്നു വാന്‍ ഓടിച്ചിരുന്നത്.

ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്.കല്യാണാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു.അതും ഉരുളെടുത്തു.കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. പത്ത് വര്‍ഷമായി പ്രണയത്തിലാണ് ശ്രുതിയും ജെന്‍സണും.ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെന്‍സണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം.

അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്.ദുരന്തത്തിനുശേഷം പ്രതിശ്രുതവരന്‍ ജെന്‍സണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്.താത്കാലിക പുനരധിവാസത്തില്‍ ശ്രുതി ഇപ്പോള്‍ മുണ്ടേരിയിലാണ് താമസം. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

ശിവണ്ണയുടെ സഹോദരന്‍ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരന്‍ ലക്ഷ്വത് കൃഷ്ണയെയും ലാവണ്യക്ക് നഷ്ടമായി. പഠനത്തിനായി നവോദയ സ്‌കൂളിലുമായതിനാലാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.