കട്ടപ്പന: മര്‍ച്ചന്റ് നേവി സ്വപ്നം കണ്ട് ഇറാനിലേക്ക് വിമാനം കയറിയ മകനെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിന്റെ ആധിയില്‍ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ ജോസും ലൈസാമ്മയും. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ഇറാനില്‍ ഇന്റേണ്‍ഷിപ്പിനായി പോയ ജെറിന്‍ ജോസഫിനെ (23) ബന്ധപ്പെടാന്‍ കഴിയാത്തതാണ് ഈ സാധാരണ കുടുംബത്തെ കണ്ണീരിലാഴ്ത്തുന്നത്. ഫെബ്രുവരി 27-ന് രാത്രി ജെറിന്‍ അയച്ച അവസാന സന്ദേശത്തിന് ശേഷം ആ ഫോണ്‍ പിന്നീട് ബെല്ലടിച്ചിട്ടില്ല.

ചെന്നൈയിലെ രുദ്രാക്ഷ് മര്‍ച്ചന്റ് നേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ജെറിന്‍ ഒമ്പത് മാസത്തെ ഇന്റേണ്‍ഷിപ്പിനായി 2025 ജൂലൈ 27-ന് ഇറാനിലേക്ക് പോയത്. ഓഗസ്റ്റ് ഒന്നിന് കപ്പലില്‍ കയറി ജോലി ആരംഭിച്ചു. ഇറാനിലെ പോര്‍ട്ട് ഓഫ് ബുഷറിലെ 'ലിയന്‍ ഓഷ്യന്‍ സ്റ്റാര്‍ ഷിപ്പിങ് കമ്പനി'യിലായിരുന്നു ജെറിന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്. മകന്റെ പഠനത്തിനായി ആലടിയില്‍ ഒരു ചെറിയ ചായക്കട നടത്തിവരികയായിരുന്നു ജോസും കുടുംബവും.

പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധം ആരംഭിച്ചതോടെയാണ് ജെറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതായത്. 'നാളെ വിളിക്കാം, ഇവിടെ പ്രശ്‌നങ്ങളുണ്ട്' എന്നായിരുന്നു ഫെബ്രുവരി 27-ന് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ പിന്നീട് ജെറിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും യുദ്ധസാഹചര്യം മാറിയാലുടന്‍ മടക്കിക്കൊണ്ടുവരുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ യുദ്ധം ഓരോ ദിവസവും കടുക്കുമ്പോള്‍ മകന്റെ ജീവനെക്കുറിച്ചുള്ള ഭയത്തിലാണ് ഈ മാതാപിതാക്കള്‍.

ജെറിനെ കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. നോര്‍ക്കയുടെ സഹായവും തേടിയിട്ടുണ്ട്. സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുകയും യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആലടിയിലെ ഈ കുടുംബം.

ചെന്നൈയിലുള്ള രുദ്രാക്ഷ് മര്‍ച്ചന്റ് നേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 2025 ജൂലൈ 27ന് ആണു ജെറിന്‍ ഇന്റേണ്‍ഷിപ്പിനായി ഇറാനിലേക്കു പോയത്. ഓഗസ്റ്റ് ഒന്നിനു കപ്പലില്‍ കയറി. ഒന്‍പതു മാസത്തെ ഇന്റേണ്‍ഷിപ്പിനായാണു പോയത്. യുദ്ധം ആരംഭിച്ചശേഷമാണു ജെറിനുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതെന്നു കുടുംബം പറയുന്നു. ഫെബ്രുവരി 27നു രാത്രി ജെറിന്‍ കുടുംബാംഗങ്ങള്‍ക്കു മെസേജ് അയച്ചിരുന്നു.

അതിനുശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടു ബന്ധപ്പെടാനും സാധിക്കുന്നില്ല. കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ജെറിന്‍ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടന്‍ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.