കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസില്‍ പുതിയ വഴിത്തിരിവ്. അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്ന സിബിഐ, അപ്രതീക്ഷിതമായി കേസില്‍ തുടരന്വേഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു. ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സിബിഐ സംഘം വീണ്ടും സജീവമാകുന്നത് പുതിയ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

2024-ല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 'പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അന്വേഷണം പുനരാരംഭിക്കാം' എന്നൊരു വ്യവസ്ഥ കൂടി അന്ന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എരുമേലിയില്‍ പ്രത്യേക ഓഫീസ് തുറന്ന് അന്വേഷണസംഘം എത്തുന്നതോടെ കേസില്‍ നിര്‍ണ്ണായകമായ എന്തോ ഒന്ന് ലഭിച്ചുവെന്നാണ് സൂചന. നേരത്തെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിബിഐ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വ്യക്തമാക്കിയിരുന്നത്. ജെസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തെളിവില്ല. രാജ്യത്തിനകത്തും പുറത്തും വിപുലമായ അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും വിശദീകരിച്ചിരുന്നു.

2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള ജയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്ന. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്ന എരുമേലി വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവിടെ നിന്ന് എങ്ങോട്ട് പോയെന്നത് ഇന്നും അജ്ഞാതമാണ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് 2021-ല്‍ സിബിഐ കേസ് ഏറ്റെടുത്തത്.

എരുമേലി കേന്ദ്രീകരിച്ച് സിബിഐ ഓഫീസ് തുറന്നത് പ്രാദേശികമായ ചില വിവരങ്ങളുടെയോ മൊഴികളുടെയോ അടിസ്ഥാനത്തിലാണെന്നാണ് കരുതപ്പെടുന്നത്. ജെസ്ന അവസാനമായി എത്തിയ എരുമേലിയില്‍ തന്നെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത് വഴി കാണാതായ സമയത്തെ നിഗൂഡതകള്‍ കണ്ടെത്താനാണ് സിബിഐ നീക്കം. കാണാതായ അന്ന് ജെസ്നയുടെ ഫോണിലേക്ക് വന്ന കോളുകള്‍, എരുമേലിയില്‍ നിന്ന് അന്ന് സര്‍വീസ് നടത്തിയ വാഹനങ്ങള്‍ എന്നിവ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

കേരളം മറന്നു തുടങ്ങിയ ഒരു കേസിലേക്ക് സിബിഐ വീണ്ടും കടന്നുവരുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ജെസ്ന ജീവനോടെയുണ്ടോ അതോ ആ എട്ടു വര്‍ഷം മുന്‍പുള്ള യാത്രയില്‍ അവള്‍ക്ക് അപായം സംഭവിച്ചോ എന്ന ചോദ്യത്തിന് വരും മാസങ്ങളില്‍ ഉത്തരം ലഭിക്കുമെന്ന് കരുതാം.