- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്‍ജിന്‍ ചിറകില്‍ നിന്നും വേര്‍പെട്ടു; പിന്നാലെ വലിയ പൊട്ടിത്തെറിയോടെ അഗ്നിഗോളമായി മാറി; അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്‍ജിന്‍ ചിറകില്‍ നിന്നും വേര്‍പെട്ടു
കെന്റകി: അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. യു.പി.എസ് കമ്പനിയുടെ വിമാനം വലിയൊരു തീഗോളമായി തകര്‍ന്ന് വീഴുന്നതിന് മുമ്പ് വിമാനത്തിന്റെ എന്‍ജിന്‍ വായുവിലൂടെ പറക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഈ മാസം നാലിനാണ് വിമാനം അപകടത്തില്‍ പെടുന്നത്. മക്ഡൊണല്‍ ഡഗ്ലസ് എംഡി -11 വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെയും നിലത്ത് ഉണ്ടായിരുന്ന 11 പേരുടേയും മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഇന്നലെ പുറത്തിറക്കിയിരുന്നു. ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന യുപിഎസ് ഫ്ലൈറ്റ് 2976 ഒരു വന്‍ തീപിടുത്തത്തില്‍ പെട്ടതായും വിമാനത്തിന്റെ മൂന്ന് എഞ്ചിനുകളില്‍ ഒന്ന് വേര്‍പെട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എഞ്ചിന്‍ എന്തുകൊണ്ടാണ് വേര്‍പെട്ടതെന്ന് വ്യക്തമല്ല. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്ന സമയത്താണ് എന്‍ജിന്‍ ചിറകില്‍ നിന്ന് വേര്‍പെട്ട് പോകുന്നതായി കാണുന്നത്.
എന്നാല്‍ ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യം വ്യക്തമായിരുന്നില്ല. എഞ്ചിന്‍ വേര്‍പെട്ടതിന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തീജ്വാലകള്‍ ഉയര്‍ന്നുവരുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വേര്‍പെട്ട എഞ്ചിന്‍ ഇന്ധനം നിറച്ച ഒരു ചിറകില്‍ ഇടിച്ചതിന്റെ ഫലമായിരിക്കാം തീപിടിത്തം ഉണ്ടായതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍ഗോ വിമാനത്തിന്റെ ഇടതുവശം പൂര്‍ണമായും കത്തി നശിച്ചിരുന്നു. തകരുന്നസമയത്ത് വിമാനം നിലത്തുനിന്ന് 30 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ എത്തിയില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. സെക്കന്‍ഡുകള്‍ക്ക് ശേഷം അത് ഒരു വലിയ അഗ്നിഗോളമായി തകര്‍ന്നുവീഴുകയായിരുന്നു.
വിമാനം സാധാരണ വേഗതയില്‍ തന്നെയാണ് പറന്നുയര്‍ന്നത് എന്നാണ് വിമാനത്താവളത്തിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുള്ളത്. പിന്നീടാണ് വിമാനം ഇടത്തേയ്ക്ക് ചരിഞ്ഞത്. ദുരന്തത്തിനുശേഷം, യു.പി.എസ് എയര്‍ലൈന്‍സ് അതിന്റെ എംഡി-11 ഇനത്തില്‍ പെട്ട എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിലത്തിറക്കിയിരുന്നു. വിമാന നിര്‍മ്മാണ കമ്പനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിമാനങ്ങള്‍ക്ക് സുരക്ഷ സംബന്ധിച്ച മോശം ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്. 1990-ല്‍ ഒരു പാസഞ്ചര്‍ ജെറ്റ് ആയിട്ടാണ് ഈ മോഡല്‍ പുറത്തിറക്കിയത്.
എന്നാല്‍ അതിന്റെ മോശം ഇന്ധനക്ഷമതയും ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവും കാരണം, 2014-ല്‍ ഇതിനെ കാര്‍ഗോ വിമാനമായി മാത്രമേ ഇത് ഉപയോഗിച്ചുവന്നിട്ടുള്ളൂ. 'ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു വിമാനം എന്ന അപഖ്യാതിയും ഇതിനുണ്ടായിരുന്നു. തകര്‍ന്ന വിമാനം 1991 ല്‍ നിര്‍മ്മിച്ചതാണ്. വിമാനം നിര്‍മ്മിച്ച മക്‌ഡൊണല്‍ ഡഗ്ലസ് കമ്പനി ഇപ്പോള്‍ അത് ബോയിംഗിന്റെ ഉടമസ്ഥതയിലാണ് ഉളളത്. യു.പി.എസ് എയര്‍ലൈന്‍സ് 2006-ലാണ് ഇത് വാങ്ങിയത്. വിമാനത്തിന്റെ കാലപ്പഴക്കം അപകടത്തിന് ഒരു പരിധി വരെ കാരണമായിരിക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന ടാങ്കിലെ വിള്ളല്‍ പരിഹരിക്കുന്നതിന് സ്ഥിരമായ അറ്റകുറ്റപ്പണി ആവശ്യമായതിനാല്‍ സെപ്റ്റംബര്‍ 3 മുതല്‍ ഒക്ടോബര്‍ 18 വരെ ഈ വിമാനം നിലത്തിറക്കിയിരുന്നു.




