കൊണ്ടോട്ടി: താലികെട്ടിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വരന്‍ ജീവനൊടുക്കിയതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. കരിപ്പൂര്‍ കുമ്മിണിപ്പറമ്പിലെ കോട്ടത്തൊടി കൃഷ്ണന്റെ മകന്‍ ജിബിന്റെ (32) മരണ കാരണം കണ്ടെത്താന്‍ മൊബൈല്‍ പരിശോധന നിര്‍ണ്ണായകമാകും. രണ്ടുദിവസം മുന്‍പ് വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുകയും വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ വിരുന്നില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത ജിബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഇനിയും അറിയില്ല. മഞ്ചേരിയിലെ തിരുമണിക്കര ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

മഞ്ചേരി സ്വദേശിനിയുമായുള്ള വിവാഹം ഒരുവര്‍ഷം മുന്‍പേ ഉറപ്പിച്ചതായിരുന്നു. ഷാര്‍ജയില്‍ ഡെന്റല്‍ ടെക്നീഷ്യനായ ജിബിന്‍ ഒരാഴ്ചമുന്‍പാണ് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഒരുക്കാനായി ബ്യൂട്ടീഷ്യന്‍ വീട്ടിലെത്തിയപ്പോള്‍ കുളിക്കാനായി ശൗചാലയത്തില്‍ കയറിയതാണ് യുവാവ്. ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെയായി. വാതിലിന്റെ കുറ്റിപൊളിച്ച് അകത്തുകടന്നപ്പോള്‍ യുവാവ് ഇടതുകൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിടുകയും ചെയ്തിരുന്നു.

വിവാഹത്തിന് എട്ടരയ്ക്ക് വീട്ടില്‍ നിന്നിറങ്ങാനായിരുന്നു തീരുമാനിച്ചത്. ഇതിനിടെയാണ് മരണ വാര്‍ത്ത അതിവേഗം പ്രദേശത്താകെ പടര്‍ന്നത്. ഇതുപ്രകാരം ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം എത്തിത്തുടങ്ങിയിരുന്നു. താലികെട്ടിനുശേഷം ഉച്ചയ്ക്ക് വീടിനടത്തുള്ള ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന് നിശ്ചയിച്ചിരുന്നത്. ഓഡിറ്റോറിയത്തിലെ അവസാന മിനുക്കുപണികള്‍ തീര്‍ത്ത് വിവാഹത്തിന് പുറപ്പെടാനൊരുങ്ങിയെത്തിയ കൂട്ടുകാരും വീട്ടുകാരും ജിബിനെയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും ജീവന്‍ അവശേഷിച്ചിരുന്നില്ല.

വരന്റെ മരണം സ്ഥിരീകരിച്ചതോടെ വിവാഹ സദ്യവട്ടങ്ങള്‍ സുഹൃത്തുക്കള്‍ അടുത്തുള്ള അനാഥാലയങ്ങളിലേക്ക് എത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. കണ്ണീരോടെ ജിബിന് നാട് വിടനല്‍കി. രാവിലെ തുടരെത്തുടരെ വന്ന ഫോണ്‍ കോളുകള്‍ ജിബിനെ അസ്വസ്ഥതപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്.

ദുബായിലെ ജോലിസ്ഥലത്തുനിന്നും ജിബിന് ഫോണ്‍ വന്നിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഫോണ്‍ കോളുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാകും എന്ന നിഗമനത്തിലാണ് പോലീസ്. വിവാഹദിവസം എന്തോ സമ്മര്‍ദം വന്നു. അത് എന്താണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.