കോട്ടയം: സാഹസികമായി വേഷം മാറി മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവു ശേഖരിച്ച ധീരയായ വനിതാ അഭിഭാഷക. ജീവിതത്തില്‍ തീര്‍ത്തും പ്രൊഫഷണലായ അവര്‍ക്ക് വ്യക്തിജീവിതത്തില്‍ ധൈര്യം ചോര്‍ന്നു പോയത് എവിടെയാണ്? രണ്ട് പിഞ്ചുമക്കളോടൊപ്പം ആറ്റില്‍ചാടി ജീവനൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഏറ്റുമാനൂരിലെ ജിസ്‌മോളുടെയും മക്കളുടെയും ആത്മഹത്യയില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സഹപ്രവര്‍്ത്തകരായ അഭിഭാഷക സമൂഹത്തിനു ഇവരുടെ ആത്മഹത്യയിലെ ഞെട്ടല്‍ മാറിയിട്ടില്ല.

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരാണ് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയത്. ജിസ്‌മോള്‍ ഏറ്റെടുത്ത ഒരു കേസിന്റെ ആവശ്യാര്‍ഥം അവര്‍ നടത്തിയ സാഹസിക ഇടപെടല്‍ അടക്ക സഹപ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്. ഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാന്‍ വേഷംമാറിയാണ് ജിസ്‌മോള്‍ അവിടെ ചെന്നത്. അത്രയ്ക്കും ധീരയായിരുന്നു അവര്‍.

യുവതിയുടെ ഭര്‍ത്താവിനെ കാണാനോ ആശുപത്രിയില്‍ പ്രവേശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ജിസ്‌മോളുടെ സാഹസിക ഇടപെടല്‍. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ വിഷയം പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയില്‍ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിന്റെയെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഇതോടെ പരാതിക്കാരിയോട് ഹാജരാകാന്‍ നിര്‍ദേശിച്ച ജഡ്ജി അവരോട് നേരിട്ട് സംസാരിച്ചു. തുടര്‍ന്നാണ് മോചനത്തിന് ഉത്തരവായത്. അന്ന് ഒരു യുവതിയുടെ ജീവിത പ്രതിസന്ധിയില്‍ പെട്ട ജിസ്‌മോള്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കാതെ പോയത് എങ്ങനെയാണ് എന്നാണ് അഭിഭാഷകര്‍ ഓര്‍ക്കുന്നത്. ജിസ്‌മോളുടെ ആത്മഹത്യ അഭിഭാഷകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും മകള്‍ മാനസികപീഡനം നേരിട്ടിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ആ വീട്ടില്‍ എന്താണ് നടന്നതെന്ന് പുറംലോകമറിയണമെന്നും ജിസ്‌മോളുടെ പിതാവ് മുത്തോലി പടിഞ്ഞാറ്റിന്‍കര പി.കെ. തോമസ് പറയുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദിച്ചിരുന്നതായും ജിസ്‌മോള്‍ നേരിട്ടത് ക്രൂരപീഡനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണവിവരമറിഞ്ഞ് യു.കെയില്‍നിന്ന് നാട്ടിലെത്തിയ തോമസും ജിസ്‌മോളുടെ സഹോദരന്‍ ജിറ്റു പി. തോമസും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

''നീതിക്കായി ഏതറ്റംവരെയും പോകും. യു.കെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു. ഫോണെടുത്തില്ല. നേരത്തേ ഒരുദിവസം മകളുടെ തലയില്‍ ഒരു പാട് ഉണ്ടായിരുന്നു. ചോദിച്ചപ്പോള്‍ വാതിലില്‍ തട്ടിയതാണെന്ന് പറഞ്ഞു. പിന്നീടാണ് ഭര്‍ത്താവ് മര്‍ദിച്ചതാണെന്ന് വെളിപ്പെടുത്തിയത്. പപ്പ ഇക്കാര്യം ചോദിച്ച് വിളിച്ചാല്‍ പിന്നെ തനിക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും മകള്‍ പറഞ്ഞിരുന്നു'' -പിതാവ് പറഞ്ഞു.

ഒരാഴ്ചമുമ്പ് ചേച്ചിയെ വിളിച്ചപ്പോഴും പോസിറ്റിവായാണ് സംസാരിച്ചതെന്ന് സഹോദരന്‍ ജിറ്റു പറഞ്ഞു. ''അന്ന് ഭര്‍ത്താവിനെയും കുട്ടികളെയും കൂട്ടി വിമാനയാത്ര ചെയ്യാനുള്ള ആഗ്രഹമെല്ലാം പങ്കുവെച്ചിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. എന്റെ ഭാര്യ ഞായറാഴ്ചയാണ് ചേച്ചിയെ അവസാനം വിളിച്ചത്. അന്ന് ചേച്ചിയുടെ സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് വന്ന് ക്ഷീണിച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. അത് കണ്ടുപിടിക്കണം. സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്ത സഹോദരി, ഭര്‍തൃമാതാവ് എന്നിവരില്‍നിന്നെല്ലാം മാനസികപീഡനം നേരിടേണ്ടിവന്നു. ജിമ്മി പലപ്പോഴും കുത്തുവാക്കുകള്‍ പറഞ്ഞ് നോവിച്ചു'' -സഹോദരന്‍ ആരോപിച്ചു.

ചേച്ചി അഭിഭാഷക ഓഫിസ് തുടങ്ങിയതിന് ഭര്‍ത്താവ് പൈസ കൊടുത്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ പൈസ തിരികെ ആവശ്യപ്പെട്ടുതുടങ്ങി. ഒടുവില്‍ ഒരു കേസ് കഴിഞ്ഞ് ചേച്ചി ആ പൈസ തിരികെ കൊടുത്തു. ചേച്ചിയെ തങ്ങളുടെ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലേക്കൊന്നും ഭര്‍ത്താവ് വിട്ടിരുന്നില്ല -ജിറ്റു പറഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ജിസ്‌മോളുടെയും മക്കളുടെയും സംസ്‌കാരം ഇന്ന് പാലാ പള്ളിച്ചിറ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ നടക്കും.