- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്ജുന് ദൗത്യം വിജയിപ്പിക്കുക അസാധ്യമെന്ന് റിപ്പോര്‍ട്ട്; ഷിരൂരില്‍ കേരളവും പിന്നോട്ട്; അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് സഹകരണ ബാങ്ക്
കാസര്‍കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരിച്ചില്‍ എങ്ങുമെത്താതെ അവസാനിക്കാന്‍ സാധ്യത. കര്‍ണാടകം കയ്യൊഴിഞ്ഞ ഷിരൂര്‍ ദൗത്യത്തില്‍ നിന്ന് കേരളവും പിന്‍മാറുന്നു എന്നാണ് സൂചനകള്‍. ഷിരൂര്‍ സന്ദര്‍ശിച്ച കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് തൃശുര്‍ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ക്ക് വ്യാഴാഴ്ച കൈമാറി.
ഷിരൂരില്‍ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയില്‍ കാണാതായത് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ്. അര്‍ജുന്‍ ഓടിച്ച ലോറിയും പുഴയുടെ ആഴങ്ങളിലുണ്ട്. 13 ദിവസം കര്‍ണാടക സര്‍ക്കാറും നാവികസേനയും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധരും പരാജയം സമ്മതിച്ചു മടങ്ങി. എന്നാല്‍ കേരളം തിരച്ചില്‍ തുടരണമെന്ന നിലപാട് എടുത്തു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കതിക വിഭാഗത്തെ ഷിരൂരിലേക്ക് അയച്ചത്.
കാര്‍ഷിക സര്‍വകലാശാല സാങ്കേതിക വിഭാഗം വിദഗ്ധരായ അഗ്രികള്‍ചര്‍ അസി. ഡയറക്ടര്‍ ഡോ. എ.ജെ. വിവെന്‍സി, പുഴക്കല്‍ അഗ്രികള്‍ച്ചര്‍ വി.എസ്. പ്രതിഷ്, കോഴിക്കോട് മേഖല ഓപറേറ്റര്‍ നിതിന്‍, തൃശൂര്‍ എ.ഡി.എം മുരളി എന്നിവരടങ്ങിയ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുഴയുടെ ആഴവും ഒഴുക്കും പരിശോധിച്ച സംഘം ഉത്തര കര്‍ണാടക ജില്ല ഭരണകൂടവുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്ത് അര്‍ജുന്റെ ലോറി പുറത്തെടുക്കുക അസാധ്യമാണെന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്.
പുഴയില്‍ മണ്ണുനീക്കം ചെയ്യാനുള്ള യന്ത്രം നിലനിര്‍ത്താനാവില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പിച്ചതെന്നാണ് വിവരം. വയനാട് വന്‍ദുരന്തം നേരിട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഷിരൂര്‍ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത. അതിനിടെ അര്‍ജുന്റെ ഭാര്യക്കു ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു.
'ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ഏകാശ്രയം ആ യുവാവായിരുന്നു. ആ കുടുംബം അനാഥമായി. അര്‍ജുന്‍ തിരിച്ചുവരുമെന്ന് ഇനി പറയാനുമാവില്ല. അര്‍ജുന്റെ ഭാര്യ വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണു ജോലി കൊടുക്കാന്‍ സിറ്റിബാങ്ക് സന്നദ്ധമാകുന്നത്. ഇക്കാര്യത്തില്‍ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം നല്‍കാനാവും', ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ, വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ ഭവനരഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്കു സൗജന്യമായി വീടുവച്ചു നല്‍കുമെന്നും ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. ഭവനരഹിതരായവര്‍ക്കു പുനരധിവാസത്തിനായി അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തു നിര്‍ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണു സിറ്റി ബാങ്ക് വീടുവച്ചു നല്‍കുക. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇത്. ഓരോ വീടിനും അഞ്ചു ലക്ഷംരൂപ വീതം ബാങ്ക് ചെലവഴിക്കും.
ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ആലോചിച്ചു വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങുന്നവിധം വീടുകള്‍ രൂപകല്‍പന ചെയ്യും. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.