ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിന് പ്രതിപക്ഷ നിര്‍ദേശങ്ങളെല്ലാം തള്ളി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്ലിങ്ങളായ രണ്ടുപേര്‍ ഭരണസമിതിയില്‍ ഉണ്ടാകുമെന്നതുള്‍പ്പടെയുള്ളവ അംഗീകാരം നല്‍കിയവയില്‍ ഉള്‍പ്പെടും. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു. 44 ഭേദഗതികളാണ് ആകെ നിര്‍ദേശിച്ചിരുന്നത്. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ വിയോജിച്ചു.

ഭരണപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഫെബ്രുവരി 13 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജെപിസിക്ക് സമയം അനുവദിച്ചിരുന്നത്. രാജ്യത്തെ മുസ്ലീം ചാരിറ്റബിള്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആകെ 44 ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷസഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ബില്‍ ജോയിന്റ് പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. അതേസമയം, ജെ.പി. സി. യോഗത്തില്‍ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 10 പ്രതിപക്ഷ എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും ജെപിസി ചെയര്‍മാനും ബിജെപി എംപിയുമായ ജഗദംബിക പാല്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് ഇനി യോഗമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും ജെപിസി ചെയര്‍മാന്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ മോശം ദിനമെന്ന് വിശേഷിപ്പിച്ചാണ് ജെപിസി ചെയര്‍മാന്റെ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചത്.

മുന്‍കൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുകയാണ് ചെയര്‍മാന്‍ ചെയ്തത്. പ്രതിപക്ഷത്തെ ഒന്നും സംസാരിക്കാന്‍പോലും അനുവദിച്ചില്ല. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഒന്ന് വായിച്ചുനോക്കാന്‍ പോലും ജെപിസി ചെയര്‍മാന്‍ തയ്യാറായില്ല. ബിജെപി നിര്‍ദേശിച്ച ഭേദഗതികള്‍ എന്താണെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തില്ല. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നല്‍കിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന പ്രധാന ഭേദഗതികള്‍

ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരംനല്‍കുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കി

അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവില്‍ മുസ്ലിം ഇതരര്‍ക്കും വഖഫ് നല്‍കാം

രേഖാമൂലമുള്ള കരാര്‍ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവില്‍ ഡീഡ് വഴിയോ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു

വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി

വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം

കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉള്‍പ്പെടുത്തും

വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും

മക്കളുടെപേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല

സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല

ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍

ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

വഖഫ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം