ന്യൂഡല്‍ഹി: ഒരേ സമയം അഭിഭാഷകനായും മാധ്യമപ്രവര്‍ത്തകനായും ഒരാള്‍ക്ക് ജോലി നോക്കാമോ? ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായി അഭിഭാഷകന്‍ ജോലി ചെയ്യുന്നത് തൊഴില്‍പരമായ നടപടി ദൂഷ്യമല്ലേ? ഇക്കാര്യം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഉത്തര്‍ പ്രദേശിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

ബിജെപിയുടെ മുന്‍ എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന് എതിരെ അഡ്വ.മൊഹമ്മദ് കമ്രാന്‍ നല്‍കിയ പരാതി പരിഗണിക്കവേയാണ് കോടതി ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. കമ്രാന്‍ ഒരേസമയം, അഭിഭാഷകനായും മാധ്യമ പ്രവര്‍ത്തകനായും ജോലി നോക്കുന്നതില്‍ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

'ഹര്‍ജി പരിശോധിച്ചപ്പോള്‍ പലയിടത്തും പരാതിക്കാരന്‍ താനൊരു പ്രാക്ടീസിങ് അഡ്വക്കേറ്റ് ആയിരിക്കെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്നുണ്ട്. ഈ വിഷയം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുപി ബാര്‍ കൗണ്‍സിലും പരിശോധിക്കണം' ജസ്റ്റിസുമാരായ അഭയ് ഓഖയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങിയ ബഞ്ച് പറഞ്ഞു. തന്റെ മാനനഷ്ടക്കേസ് അലഹബാദ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കമ്രാന്‍ ഹര്‍ജി നല്‍കിയത്.

' ഒരേ സമയം അഭിഭാഷകനും, മാധ്യമ പ്രവര്‍ത്തകനുമായി ജോലി നോക്കുന്നുവെന്ന് പറയുമ്പോള്‍ നിങ്ങള്‍ പ്രൊഫഷണല്‍ നടപടി ദൂഷ്യത്തിന് കുറ്റക്കാരനല്ലേ? ബാര്‍ കൗണ്‍സില്‍ പെരുമാറ്റ ചട്ട പ്രകാരം അഭിഭാഷകന്‍ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സമ്പൂര്‍ണ നിരോധനമുണ്ട്. അത്തരം പെരുമാറ്റ ദൂഷ്യം ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല, ജസ്റ്റിസ് ഓഖ കമ്രാന്റെ ഇരട്ട റോളുകളെ ചോദ്യം ചെയ്തു. ബാര്‍ കൗണ്‍സില്‍ ചട്ടത്തിലെ രണ്ടാം അദ്ധ്യായം സെക്ഷന്‍ 47 മുതല്‍ 49 വരെ കണക്കിലെടുത്താല്‍, ഒരു അഭിഭാഷകന് വ്യക്തിപരമായ ഏതെങ്കിലും ബിസിനസില്‍ ഏര്‍പ്പെടാന്‍ പാടില്ല, ഒരു കമ്പനിയുടെ എംഡിയോ സെക്രട്ടറിയോ ആകാന്‍ പാടില്ല, അതല്ലെങ്കില്‍ മുഴുവന്‍ സമയ ശമ്പളത്തോട് കൂടിയുള്ള തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല, ജസ്റ്റിസ് ഓഖ പറഞ്ഞു.

അതേസമയം, ബിസിഐ ചട്ടങ്ങളിലെ ഒന്നാം അദ്ധ്യായം 51 ാം വകുപ്പ് ഉദ്ധരിച്ച്, താന്‍ ഏതെങ്കിലും മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നില്ലെന്നും ശമ്പളം വാങ്ങുന്നില്ലെന്നും ലേഖനങ്ങള്‍ എഴുതുക മാത്രമേ ചെയ്യുന്നുളളു എന്നുമാണ് കമ്രാന്‍ വിശദീകരിച്ചത്. മുഴുവന്‍ സമയ തൊഴിലോ, പരസ്യമോ അല്ലെങ്കില്‍, അഭിഭാഷകന് സംപ്രേഷണമോ, മാധ്യമ പ്രവര്‍ത്തനമോ, അദ്ധ്യാപനമോ നടത്താന്‍ വ്യവസ്ഥയുണ്ടെന്നാണ് കമ്രാന്‍ വാദിച്ചത്.

'നിങ്ങള്‍ ഒരു അഭിഭാഷകനാണ്, ദയവായി സഹപ്രവര്‍ത്തകരുടെ അഭിപ്രായം സ്വീകരിക്കൂ, എന്തൊരു വിഡ്ഢിത്തരമാണ് താങ്കള്‍ കാണിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു തൊഴില്‍ ഉപേക്ഷിക്കുമെന്ന പ്രസ്താവനയെങ്കിലും നിങ്ങള്‍ പുറപ്പെടുവിക്കൂ', ജസ്റ്റിസ് ഓഖ വാദത്തിന് മറുപടിയായി പറഞ്ഞു.