- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിദ്ധാര്‍ഥന്റെ മരണം: നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വിമര്‍ശനം; ഹര്‍ജി വൈകിയതിന്റെ കാരണം 10 ദിവസത്തിനകം അറിയിക്കണം
സിദ്ധാര്‍ഥന്റെ മരണം: നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കണം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ റാംഗിംഗിന് ഇരയായി മരണപ്പെട്ട സിദ്ധാര്‍ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജി നല്‍കാന്‍ വൈകിയതിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. വൈകിയതിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് 10 ദിവസത്തെ സമയം നല്‍കി.
അപ്പീല്‍ വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാനാണ് നിര്‍ദേശം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി റജിസ്ട്രിയില്‍ കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം 11ന് കോടതി വീണ്ടും പരിഗണിക്കും. റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് കമ്മീഷന് പരാതി നല്‍കിയത്. കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചിട്ട് ഒരുമാസമായെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ 8 ശതമാനം പലിശ സഹിതം തുക നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇനിയും നഷ്ടപരിഹാരത്തിന് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതോടെയാണ് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. റാഗിങ്ങിന്റെ ഭാഗമായി ക്രൂര മര്‍ദനംനേരിട്ട സിദ്ധാര്‍ഥനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
2024 ഒക്ടോബര്‍ 1 നാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കമ്മീഷന്‍ ഉത്തരവ് മന: പൂര്‍വം അനുസരിക്കാത്തത് ഗൗൗരവമായാണ് എടുക്കുന്നതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാല പുറത്താക്കിയിരുന്നു. പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലെന്ന് ഹൈക്കോതി വിധിച്ചിരുന്നു. പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടിെൈ ഹക്കോടതി ശരിവച്ചു. കേസില്‍ പ്രതികളായ 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ഥന്റെ മാതാവ് എം ആര്‍ ഷീബയുടെ അപ്പീലിലാണ് കോടതി നടപടി. മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ്് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
2024, ഫെബ്രുവരി 18നാണ് ബി വി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചുവെന്നും കുടുംബം അടക്കം ആരോപണം ഉയര്‍ത്തി. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പിന്നീട് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.