ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ( S I R) കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചകൂടി സമയം നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷം പേരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ ഉള്‍പ്പെടാതെ പോവരുത്. കുറ്റമറ്റ രീതിയില്‍ എസ്ഐആര്‍ പൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹരജി ആദ്യം പരിഗണിച്ചപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പായതിനാല്‍ സമയം നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും എസ്ഐആറിനും ഒരേ ജീവനക്കാരാണെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എസ്ഐആര്‍ നടപടി ക്രമങ്ങള്‍ നീട്ടിയിരുന്നു.

എസ്ഐആര്‍ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിവേദനം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈക്കൊണ്ട തീരുമാനം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ നിവേദനത്തില്‍ താഴെത്തട്ടിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണം.

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ ഏകദേശം 25 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായേക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പട്ടികയിലെ അപാകതകള്‍ക്ക് ഉദാഹരണമായി, ഒരേ കുടുംബത്തിലെ ഭര്‍ത്താവിന്റെ പേരുണ്ടായിട്ടും ഭാര്യയുടെ പേര് കണ്ടെത്താനായിട്ടില്ല എന്ന തരത്തിലുള്ള വിചിത്രമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ അവസാനം വരെ സമയം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

സമയപരിധി നീട്ടണമെന്ന ആവശ്യത്തില്‍ മറുപടി നല്‍കാന്‍ കമ്മീഷന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. കസ് ജനുവരി ആറിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.