- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി കേസിലെ പ്രതികള്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത? പരോളുകളുടെ രഹസ്യം തേടി ഹൈക്കോടതി; ജ്യോതി ബാബുവിനും ഷാഫിക്കും രജീഷിനും ലഭിച്ച ഇളവുകള്‍ പരിശോധിക്കും; സര്‍ക്കാരിന്റെ 'വാരിക്കോരി' കൊടുക്കലിന് മൂക്കുകയറിടും; ജ്യോതി ബാബുവിന്റെ അപേക്ഷ തള്ളി; എല്ലാ പരോളുകളിലും സമഗ്ര അന്വേഷണത്തിന് ഉത്തരവ്; കൊടി സുനിക്കും സംഘത്തിനും ഇനി ക്ഷീണകാലം
ടിപി കേസിലെ പ്രതികള്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത?
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച പരോളുകളുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. കേസിലെ പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 12-ാം പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ പി.ജി. സ്മിത നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.
ജ്യോതി ബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി 10 ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്നായിരുന്നു പി.ജി. സ്മിതയുടെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, മരിച്ചയാള്‍ അടുത്ത ബന്ധുവെന്ന ഗണത്തില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പരോള്‍ അപേക്ഷ തള്ളി. ഹര്‍ജിയില്‍ ജ്യോതി ബാബു ടി.പി. വധക്കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.
ഇങ്ങനെയൊരു നിര്‍ദേശം കൊടുത്താലുടന്‍ പരോള്‍ ലഭിക്കാന്‍ മതിയായ സ്വാധീനം ഹര്‍ജിക്കാരിക്കുണ്ടെന്നും കോടതി പറഞ്ഞു. നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ടി.പി. വധക്കേസില്‍ വിചാരണ കോടതി ജ്യോതി ബാബുവിനെ വെറുതെവിട്ടിരുന്നെങ്കിലും, അപ്പീലില്‍ ഹൈക്കോടതിയാണ് ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് ലഭിക്കുന്ന പരോളുകള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ടി.പി വധക്കേസിലെ മൂന്ന് പ്രതികള്‍ പരോളില്‍ പുറത്തിറങ്ങുന്നത് വിവാദമായിരുന്നു. ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് അടിയന്തര പരോള്‍ അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ളോക്കിലെ അന്തേവാസികളാണ് ഇരുവരും. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് കണ്ണൂര്‍ ജയില്‍ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. അതും സ്വാഭാവികമായ പരോളെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്.
അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇതു അനുവദിക്കുകയെന്നത് ജയില്‍ ചട്ടമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. ഡിസംബര്‍ മുപ്പത്തിയൊന്നാകുമ്പോഴെക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നുവെന്ന വിശദീകരണമാണ് ജയില്‍ വകുപ്പ് നല്‍കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന കാലയളവ് പിന്നിടുമ്പോള്‍ പാര്‍ട്ടിക്കായി ആരും കൊല നടത്തി ജയിലില്‍പ്പോയ പ്രതികള്‍ക്കായി പരോള്‍ വാരി കോരി കൊടുക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പാനൂരിലെ മിക്കയിടങ്ങളിലും സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ് ഇതിനിടെയാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ പുറത്തിറങ്ങുന്നത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജനുവരി 10 വരെയാണ് പരോള്‍. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നല്‍കിയത്. കേസിലെ നാലാംപ്രതിയാണ് രജീഷ്.
മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നത്. അതേസമയം, തടവുകാര്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പരോള്‍ മാത്രമാണ് ഇതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ടി.പി കേസ് പ്രതികള്‍ക്ക് അനര്‍ഹമായി പരോള്‍ അനുവദിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നത്. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ ഡി.ഐ.ജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു ഈ വിവാദം നിലനില്‍ക്കവെയാണ് വീണ്ടും പരോള്‍ അനുവദിച്ചത്.




