ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ആരെയും വിശ്വസിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ വാക്കാല്‍ നിരീക്ഷണം. വിവാഹത്തിനു മുന്‍പ് അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായകമായ ഈ പരാമര്‍ശം നടത്തിയത്. 'ഞങ്ങള്‍ കുറച്ച് പഴയ ചിന്താഗതിക്കാരായിരിക്കാം. എന്നാലും വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ എങ്ങനെയാണ് വിവാഹം കഴിക്കാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ ശ്രദ്ധ കാണിക്കണം. ആരും വിവാഹത്തിന് മുമ്പ് ഇത്തരം കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്,' ബെഞ്ച് വ്യക്തമാക്കി.

വിവാഹിതനായ ഒരു യുവാവിനെതിരെ 30 വയസ്സുകാരി നല്‍കിയ പരാതിയിലാണ് കോടതി വാദം കേട്ടത്. 2022-ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും, യുവാവ് വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബായിലും വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 2024-ല്‍ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെയാണ് ആദ്യ യുവതി പരാതിയുമായി രംഗത്തെത്തിയത്.

ദുബായ് യാത്രയും വിവാഹവും

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും ദുബായില്‍ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ യുവതി എന്തിനാണ് വിവാഹത്തിന് മുന്‍പ് ദുബായിലേക്ക് യാത്ര ചെയ്തതെന്ന് കോടതി ചോദിച്ചു. വിവാഹത്തിന്റെ കാര്യത്തില്‍ അത്ര നിര്‍ബന്ധമുണ്ടായിരുന്നു എങ്കില്‍ വിവാഹത്തിന് മുന്‍പ് ഇത്തരം യാത്രകള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

ചതിക്കുഴികള്‍ നിറഞ്ഞ മാട്രിമോണിയല്‍ ബന്ധം

2022-ലാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവ് നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാല്‍ സമ്മതപ്രകാരമുള്ള ബന്ധങ്ങളില്‍ ശിക്ഷിക്കുന്നതിനേക്കാള്‍ മധ്യസ്ഥതയ്ക്കാണ് (Mediation) പ്രാധാന്യം നല്‍കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.