- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയാല് പദവികള്‍ ഉറപ്പ്! മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് അടുത്ത ലോട്ടറി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനാക്കാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ വിധിക്ക് പ്രത്യുപകാരമായുള്ള പാരിതോഷികമോ? ഉപലോകായുക്ത പദവി കഴിഞ്ഞ് സര്‍ക്കാര്‍ ആനുകൂല്യം പറ്റരുതെന്ന് നിയമം
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയാല് പദവികള്‍ ഉറപ്പ്! മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് അടുത്ത ലോട്ടറി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി റിട്ടയേര്‍ഡ് ഹൈക്കോടതിയും മുന്‍ ഉപലോകായുക്തയുമായ ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം വിവാദത്തില്‍. നിയമനത്തിനായി ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആര്‍എഫ്) വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്. സിഎംഡിആര്‍എഫ് ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ലോകായുക്ത വിധിയില്‍, ബെഞ്ചിലെ അംഗമെന്ന നിലയില്‍ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനുള്ള പ്രത്യുപകാരമായാണ് ഈ നിയമനമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിഎംഡിആര്‍എഫ് കേസില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതിന്റെ ഉപകാരസ്മരണയാണ് പുതിയ പദവിയെന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.
നേരത്തെ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ പ്രൊഫഷണല്‍ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വിവാദമായിരുന്നു. നിയമനം നിയമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനുള്ള പാരിതോഷികമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. പ്രൊഫഷണല്‍ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ സ്ഥാനത്തിനു പുറമെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് പ്രവേശനമേല്‍നോട്ടസമിതി ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിനു നല്‍കാന്‍ ശ്രമിച്ചിരുന്നു.
ലോകായുക്ത നിയമപ്രകാരം, ലോകായുക്തയോ ഉപലോകയുക്തയോ ആയി സേവനമനുഷ്ഠിച്ചവര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന പദവികള്‍ വഹിക്കുന്നത് നിരോധിക്കുന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം എന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വാദിച്ചത്. സി എം ഡി ആര്‍ എഫ് വകമാറ്റിയ കേസിലെ പരാതിക്കാരനും പൊതുപ്രവര്‍ത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയുടെ പ്രസിഡന്റുമായ ആര്‍ എസ് ശശി കുമാര്‍ രംഗത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു.
ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച പരാതിക്ക് സാധുതയുണ്ടെന്നും, പരാതി ലോകായുക്തയ്ക്ക് പരിഗണിക്കാമെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍, പിന്നീട് ഹര്‍ജിയില്‍ ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഉള്‍പ്പെടുത്തി പുതിയ മൂന്നംഗ ഫുള്‍ ബെഞ്ച് രൂപീകരിച്ചു. ഈ ബെഞ്ച് പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹര്‍ജി തള്ളുകയായിരുന്നു. പുനഃപരിശോധനാ അധികാരമില്ലാത്ത ജസ്റ്റിസ് ബാബു മാത്യു ജോസഫ് ഉള്‍പ്പെട്ട ബെഞ്ച് മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഹര്‍ജി പുനഃപരിശോധിക്കാന്‍ തയ്യാറായെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ആരോപിക്കുന്നു.


