കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ അനിശ്ചിതത്വം. ഇന്ന് റിപ്പോര്‍്ട്ട് പുറത്തുവിടാനിരിക്കെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി എത്തിയതാണ് ഇതിന് കാരണം. നടി രഞ്ജിനി എന്ന സാഷ സെല്‍വരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതി നിലപാട് അറിയാന്‍ കാത്തിരിക്കാം എന്ന നിലപാടിലാണ് സര്‍ക്കാര്‍.

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍. അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുവദിച്ച കോടതി, ഇത് നിലനില്‍ക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ല. തിങ്കളാഴ്ചത്തെ കോടതി തീരുമാനമാകും ഇനി നിര്‍ണ്ണായകമാകുക എന്നും സൂചനകളുണ്ട്.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നല്‍കിയപ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുന്‍പ് അതില്‍ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജി നേരത്തെ ജസ്റ്റിസ് വി.ജി.അരുണിന്റെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഹര്‍ജിക്കാരനെ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോര്‍ട്ടിലില്ലെന്നും വിവരാവകാശ കമ്മീഷന്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അരുണിന്റെ വിധി ഇതിനെതിരെയാണ് രഞ്ജിനിയുടെ അപ്പീല്‍.

ഇക്കഴിഞ്ഞ ജൂലൈ 24ന് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടര്‍ന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള അനുമതി. ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ ഇന്ന് 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മിഷനില്‍ അപേക്ഷ നല്‍കിയവരോട് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ ഹര്‍ജി എത്തിയത്.

അതിനിടെയാണ് രഞ്ജിനിയുടെ അപ്പീല്‍ എത്തിയിരിക്കുന്നത്. ചിത്രം, കോട്ടയം കുഞ്ഞച്ചന്‍, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കൗതുക വാര്‍ത്തകള്‍ അടക്കം ഒെേട്ട മലയാളം, തമിഴ് സിനിമകളില്‍ നായികയായിരുന്നു രഞ്ജിനി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓ?ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിത്തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുക.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.